ആറ്റിങ്ങല്‍: വീട്ടുമുറ്റത്ത് വീണ് പരിക്കേറ്റെന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഇടയ്ക്കോട് മങ്കാട്ടുമൂല ലക്ഷംവീടിന് സമീപം കലാഭവന്വീട്ടില് അനില്‍കുമാറിന്റെ (48) മരണം കൊലപാതകമാണെന്ന് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് അനില്‍കുമാറിന്റെ മകന് അഖില്‍.എസ്.കുമാര്‍ (19), മകളുടെ കാമുകന് മാമം പാറക്കാട്ടില് സുധാഭവനില്‍ ശ്യാംകുമാര്‍ (ഉണ്ണി-19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്തെ ഹോളോബ്രിക്സ് അടുക്കിന് മുകളില്‍നിന്ന് വീണ് പരിക്കേറ്റെന്ന നിലയില്‍ കഴിഞ്ഞ 11 നാണ് അനില്‍കുമാറിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 ന് മരിച്ചു.
പോസ്റ്റ്മോർട്ടത്തില്‍ തലയ്ക്കേറ്റ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. മകളെ ശ്യാംകുമാറിന് വിവാഹംകഴിച്ച്കൊടുക്കാന് മറ്റുള്ളവര്‍ തീരുമാനിച്ചതിനെ അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. സംഭവ ദിവസം പ്രതികള്‍ അഖിലും ശ്യാംകുമാറും കൂടി വീട്ടിലെത്തിയതിനെ അനില്‍കുമാര്‍ ചോദ്യംചെയ്തു. ഇതേത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി.
പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയും കല്ല്കൊണ്ട് തലയ്ക്കിടിച്ച് പരിക്കേല്പിക്കുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു. ജില്ലാപോലീസ് മേധാവി പി.അശോക്കുമാര്, ആറ്റിങ്ങല്‍ എഎസ്പി ആര്.ആദിത്യ, സിഐ. എം.അനില്‍കുമാര്‍, എസ്ഐ തന്സീംഅബ്ദുല്സമദ്, പ്രസാദ്ചന്ദ്രന്‍, സിപിഒമാരായ ദിനോര്‍, സുല്‍ഫിക്കര്‍, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.