കോട്ടയം: ചിങ്ങവനം ബാറിൽ വച്ചുണ്ടായ വെട്ടു കേസിലെ പ്രതിയെ പിടികൂടിയില്ല. പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു. കുറിച്ചി സ്വദേശി ലിബിൻ തോമസ്(28), സുഹൃത്ത് ഡിനു ജേക്കബ് (25) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേരും അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ നല്കുന്ന സൂചന.
കുറിച്ചി സ്വദേശിക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രി 10നു ചിങ്ങവനം പോലീസ് സ്റ്റേഷനു സമീപത്തെ ബാർ ഹോട്ടലിന്റെ പരിസരത്ത് വച്ചാണു അക്രമമുണ്ടായത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: അഞ്ചു വർഷങ്ങൾക്കു മുന്പു കുറിച്ചി മത്സ്യ മാർക്കറ്റിൽ മത്സ്യ വില്പനയുമായി ബന്ധപ്പെട്ടു ലിബിനും കുറിച്ചി സ്വദേശിയും തമ്മിൽ തർക്കമുണ്ടായിരുന്നു.
പീന്നിട് കുറിച്ചി സ്വദേശിയുടെ സമ്മർദത്തിൽ ലിബിന്റെ കുറിച്ചി മത്സ്യ മാർക്കറ്റിലെ മത്സ്യവില്പന അവിടെ നിന്നും മാറ്റിച്ചിരുന്നു. പീന്നിട് ജോലിയ്ക്കായി വിദേശത്തെയ്ക്കു പോയ ലിബിൻ ഒരാഴ്ച മുന്പാണു നാട്ടിൽ മടങ്ങിയെത്തിയത്. ശനിയാഴ്ച രാത്രിയിൽ ഹോട്ടൽ കോന്പൗണ്ടിൽ വച്ചു അവിചാരിതമായി ഇരുവരും കണ്ടു മുട്ടിയതിനെതുടർന്നാണു വാക്കുതർക്കവും അക്രമവുമുണ്ടായത്.
വാക്കു തർക്കത്തെതുടർന്നു തന്റെ കാറിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയെടുത്തു കുറിച്ചി സ്വദേശി ലിബിനെ വെട്ടുകയായിരുന്നു. തടസം പിടിക്കാൻ എത്തിയപ്പോഴാണു ലിബിന്റെ സുഹൃത്ത് ഡിനുവിനു പരിക്കേറ്റത്. തുടർന്നു ഇതേ വാഹനത്തിൽ പ്രതി രക്ഷപ്പെട്ടു.