കണ്ണൂർ: കണ്ണൂരിൽ തലയ്ക്കടിയേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി വലയിലായതായി സൂചന. ചാലാട് ഊരത്താൻകണ്ടിയിലെ ഷൈജു (42) ആണ് മരിച്ചത്.
കണ്ണൂർ പള്ളിയാംമൂല ബീച്ചിനു സമീപത്താണ് ഷൈജുനെ തലയ്ക്കടിയേറ്റനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ അവശനിലയിൽ കാണുന്നത്. തുടർന്ന് അഗ്നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. രാത്രി വാഹനമിടിച്ച് പരിക്കേറ്റതാണെന്നായിരുന്നു ആദ്യപ്രചാരണം. എന്നാൽ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് സൂചന.
മാത്രമല്ല ഇയാളെ പൂർണനഗ്നനായ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത ഉണ്ടാക്കുന്നതായി പോലീസ് പറഞ്ഞു. കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. സംശയം ദൂരീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഇന്ന് പയ്യാന്പലത്തെ സംഭവസ്ഥലം സന്ദർശിക്കും.