പറവൂർ: വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരങ്ങൾക്ക് കുത്തേൽക്കുകയും ജ്യേഷ്ഠൻ മരിക്കുകയും ചെയ്ത സംഭവത്തിൽ അയൽവാസി കസ്റ്റഡിയിലെന്നു സൂചന. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ അറസ്റ്റുണ്ടാവുമെന്നും അന്വേഷണ ചുമതലയുള്ള വടക്കേക്കര എസ്ഐ പറഞ്ഞു.
ഗോതുരുത്ത് കല്ലറക്കൽ കുഞ്ഞച്ചന്റെ മകൻ ഗിൽസനാണ് (ജിൻസൻ-42) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ഗോതുരുത്ത് സെന്റ് ആന്റണീസ് കപ്പേളയ്ക്കു പടിഞ്ഞാറുവശത്തുള്ള കലുങ്കിനു സമീപത്തെ തറവാടുവീടിനരികിലൂടെയുള്ള വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു കത്തിക്കുത്തിൽ കലാശിച്ചത്.
ഗോതുരുത്ത് കുര്യാപ്പിള്ളി ലിങ്ക് പാലത്തിലെ അപ്രോച്ച് റോഡിനു സമീപത്തായി താമസിക്കുന്ന ഗിൽസന്റെ വീടിനു സമീപം പ്രതിയെന്നു കരുതുന്നയാൾ കത്തിയുമായെത്തി വാക്കുതർക്കമുണ്ടാക്കുകയും ഗിൽസനെ തുരുതുരാ നെഞ്ചിൽ കുത്തുകയുമായിരുന്നു. ഇവർ തമ്മിൽ കാലങ്ങളായി വഴിത്തർക്കവും സംഘർഷവുമായുള്ള പോലീസ് കേസ് നിലനിൽക്കുന്നുമുണ്ട്. കുത്തേറ്റ ഗിൽസണ്‍ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണു മരിച്ചത്.
ഗിൽസന്റെ ഇടതുനെഞ്ചിൽ ആഴത്തിലുള്ള രണ്ടു മുറിവുകളും വലതു നെഞ്ചിൽ ഒരു മുറിവുമുണ്ട്. ഗിൽസണൊപ്പം കുത്തേറ്റ അനുജൻ ജിന്റോ (32)യെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിന്റോയ്ക്കു നെഞ്ചിൽ കുത്തേറ്റെങ്കിലും ഗുരുതരമല്ല. ഗിൽസന്റെ മൃതദേഹം ഇന്നു വൈകുന്നേരം ഗോതുരുത്ത് പള്ളിയിൽ സംസ്കരിക്കും. ജോളിയാണ് ഗിൽസന്റെ ഭാര്യ മക്കൾ: സോന (14), ജ്യോത്സന (13) . ജിന്റോ അവിവാഹിതനാണ്.