ഭാവ്നഗർ: ഭാര്യയുമായി വഴക്കടിച്ച പോലീസ് കോണ്‍സ്റ്റബിൾ മൂന്നു മക്കളുടെ കഴുത്തറത്തു കൊന്നു. ഗുജറാത്തിലെ ഭാവ്നഗറിൽ സുവ്ദേവ് സിയാൽ എന്ന പോലീസുകാരനാണ് ഭാര്യയുമായുണ്ടായ വഴക്കിന്റെ പേരിൽ മൂന്ന് ആണ്മക്കളുടെ കഴുത്തിൽ കത്തിവച്ചത്.
പോലീസ് റെസിഡൻഷൽ ക്വാർട്ടേഴ്സിലായിരുന്നു സംഭവം. സുഖ്ദേവ് വിളിച്ചത് അനുസരിച്ചാണ് സഹപ്രവർത്തകർ സ്ഥലത്തെത്തുന്നത്. ഇവിടെ എത്തിയ സഹപ്രവർത്തകർ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടികളുടെ ശരീരങ്ങൾ കണ്ടെത്തി. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് സുഖ്ദേവ് ഈ ക്രൂരകൃത്യം നടത്തിയത്.
സഹപ്രവർത്തകരാണു പിന്നീടു ഭാര്യയെ മുറിയിൽനിന്നു മോചിപ്പിച്ചത്. എട്ട്, അഞ്ച്, മൂന്ന് എന്നിങ്ങനെ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.
മൂത്ത കുട്ടിയുടെ ജൻമദിനാഘോഷവുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച ഉടലെടുത്ത തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സുഖ്ദേവ് പോലീസിനോടു പറഞ്ഞു. ഇതിനു മുന്‍പും വലിയ വഴക്കുണ്ടായിരുന്നെന്നും ഇയാൾ പറഞ്ഞു. വഴക്കിന്റെ കാരണം സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്.