പുതിയതെരു(കണ്ണൂർ): പുതിയതെരുവിൽ സംഘർഷം തുടരുന്നു. ഇന്നു രാവിലെ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കാട്ടാന്പള്ളി റോഡിൽ പെട്രോൾ പന്പിന് പുറകിലുള്ള വീട്ടിൽ കയറി വാഹനത്തിലെത്തിയ നാലംഗസംഘം വെട്ടുകയായിരുന്നു. സിപിഎം പ്രവർത്തകനായ പനങ്കാവ് ശങ്കരൻകടയ്ക്കു സമീപം താമസിക്കുന്ന റഫീക്കി (25) നാണ് വെട്ടേറ്റത്. ഇന്നു രാവിലെ 9.15 ഓടെയാണ് സംഭവം.
വീട്ടിൽ നിന്നും പുതിയതെരുവിലേക്ക് ബൈക്കിൽ വരുന്നതിനിടെ റഫീക്കിനെ പുതിയതെരു-കാട്ടാന്പള്ളി റോഡിലെ പെട്രോൾ പന്പിനു സമീപം വച്ച് ഒരു സംഘം വടിവാളുകളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും ഓടി സമീപത്തെ വീട്ടിലേക്ക് കയറി റഫീക്കിനെ പിന്നാലെ എത്തിയ സംഘം വടിവാളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീക്കിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ഇന്നലെ രാത്രി 8.30 ഓടെയാണ് പുതിയതെരു മാർക്കറ്റ് പള്ളി ജംഗ്ഷനിൽ ഡിവൈഎഫ് -എസ്ഡിപിഐ സംഘർഷം തുടങ്ങിയത്. സംഘർഷത്തിൽ സിപിഎം പ്രവർത്തകനും പുതിയതെരു മുക്കിലെ പീടികയിലെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അർഷിദിന് (25) വെട്ടേറ്റിരുന്നു. ഇയാൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവർത്തകരാണ് വെട്ടിയതിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
അരമണിക്കൂറിനുള്ളിൽ എസ്ഡിപിഐ പ്രവർത്തകരായ സഫ്വാൻ,സാജിദ് എന്നിവർക്ക് മർദനമേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് എസ്ഡിപിഐ ആരോപിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ഡിവൈഎഫ്ഐ, എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ നിലനിൽക്കുന്ന സംഘർഷമാണ് ഇന്നലെ രാത്രി ആക്രമണത്തിൽ കലാശിച്ചത്.