മുംബൈ: പ്രണയിച്ച പെണ്‍കുട്ടിയുടെ സഹോദരൻമാരുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സെയ്ഫ് അലി ശരാഫത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ മലാഡിൽ ചൊവ്വാഴ്ച രാവിലെയാണു സംഭവം.
അലിക്ക് സമീപത്തു താമസിക്കുന്ന ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. ഇവർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പെണ്‍കുട്ടിയുടെ സഹോദരൻമാരായ വസിം, അജ്മൽ എന്നിവർ ഈ ബന്ധത്തെ എതിർത്തു. ചൊവ്വാഴ്ച രാവിലെ സഹോദരൻമാർ വീട്ടിൽ ഇല്ലാത്ത സമയത്ത് അലി പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇവർ സംസാരിക്കുന്ന സമയം സഹോദൻമാർ എത്തി അലിയെ ആക്രമിക്കുകയായിരുന്നു.
സഹോദരൻമാരിൽ ഒരാളുടെ കുത്തേറ്റു നിലത്തുവീണ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പെണ്‍കുട്ടിയുടെ സഹോദരൻമാർ ഒളിവിൽ പോയെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ ഇവരെ പോലീസ് പിടികൂടി. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.