വൈക്കം: പള്ളി പെരുന്നാളിന്റെ പ്രദക്ഷിണം കഴിഞ്ഞ് ചെണ്ടമേളക്കാർ പോകാൻ ഒരുങ്ങുന്നതിനിടയിൽ സംഘം ചേർന്നു വന്ന അക്രമികളിലൊരാൾ ചെണ്ടക്കാരനായ യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കേസെടുത്ത യുവാക്കൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
പ്രതികൾ ജില്ല വിട്ടു പോയതായാണ് പോലീസ് സംശയിക്കുന്നത്. വൈക്കം കാരയിൽ ബിനു രാജി (22)നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് വൈക്കം വല്ലകം സ്വദേശികളായ ലിബിൻ, അർജുൻ, ശ്രീശ്യാം, അഖിൽ, ആനന്ദ് എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഇതിൽ ലിബിനാണ് ബിനു രാജിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുന്‍പ് അഭിപ്രായ വ്യത്യാസമുണ്ടായതിന്റെ വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ബിനു രാജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ശരീരത്തിൽ ആഴ്ന്നിറങ്ങിയ കത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചാണ് നീക്കിയത്. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.15 നായിരുന്നു സംഭവം.