വെഞ്ഞാറമൂട് : മാരകായുധങ്ങളുമായി വെഞ്ഞാറമൂട്ടിൽ കഞ്ചാവ് മാഫിയ നടത്തിയ ആക്രമണത്തിൽ സ്ത്രീകളടക്കം അഞ്ചു പേർക്ക് വെട്ടേറ്റ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി വെഞ്ഞാറമൂട് പോലീസ്. അന്വേഷണ ചുമതല കിളിമാനൂർ സിഐ കെ.ബി മനോജ് കുമാറിന്. വെട്ടേറ്റവരിൽ ഒരാളുടെ നില ഗുരുതരമായിതന്നെ തുടരുന്നു.
വെഞ്ഞാറമൂട് മാരിയം വെട്ടു വിളയിലാണ് ശനിയാഴ്ച പകലിലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്. വെട്ടുവിള വെട്ടുവിള വീട്ടിൽ ലീല (44), വെട്ടുവിള വീട്ടിൽ മനീഷ് (32), വെട്ടുവിള മൂക്കംപാല വിള വീട്ടിൽ ശരത്ചന്ദ്രൻ (35), മാരിയത്തു വീട്ടിൽ സുനിൽ (38), മാരിയത് വീട്ടിൽ സുരേഷ് (35) എന്നിവരെയാണ് വെട്ടി വീഴ്ത്തിയത്.
ശരീരമാസകലം വെട്ടേറ്റ ശരത്ചന്ദ്രൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണ്. മറ്റുള്ളവർ കന്യാകുളങ്ങര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ഷൈൻ, വിഷ്ണു, ഷാരു, ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ആക്രമണത്തിൽ പരിക്കേറ്റവർ നൽകിയ പരാതിയിൽ പറയുന്നു.
കഞ്ചാവ് വില്‍പ്പന എതിർത്തവരെയാണ് ആക്രമിച്ചത്. കഞ്ചാവ് വിൽപ്പന എതിർത്തു സംസാരിച്ച ലീലയെ കുളിക്കടവിൽ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്ത്തി. തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു സംഘം കടന്നു.
വൈകുന്നേരത്തോടെ മടങ്ങിയെത്തിയ അക്രമി സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും മങ്ങാട്ട് മൂലയിൽ നിന്നുമെത്തിയ ഇരുപതോളം പേരും ചേർന്നാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നു വെഞ്ഞാറമൂട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
രാത്രിയിൽ നടന്ന ആക്രമണത്തിലാണ് നാല് പേർക്ക് കൂടി വെട്ടേറ്റത്. സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്തും വീട്ടിലെ വസ്തുക്കൾ അടിച്ചു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണു സംഘം മടങ്ങിയതെന്നു കോളനിക്കാർ പറഞ്ഞു. രാവിലെ നടന്ന ആക്രമണത്തിൽ വെഞ്ഞാറമൂട് പോലീസിന് പരാതി നല്‍കിയങ്കിലും പോലീസ് ഇടപെട്ടിരുന്നില്ല.
റിമാന്റ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പോലീസുകാർ നിരീക്ഷണത്തിലായ സാഹചര്യത്തിൽ ഇവിടെ പോലീസുകാർ ഇല്ല എന്നുള്ളത് കൊണ്ടാണ് അന്വേഷിക്കാത്തതെന്നു അറിയുന്നു.
ഈ സംഘം നേരത്തെ വെഞ്ഞാറമൂട് മത്സ്യ മാർക്കറ്റിലെ വ്യാപാരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് അധിക ദിവസമായില്ല. പ്രതികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായി സിഐ കെ.ബി മനോജ് കുമാർ പറഞ്ഞു.