സ്വന്തം ലേഖകൻ
തൃശൂർ: രക്തദാതാക്കൾക്കും രക്തം സ്വീകരിക്കുന്നവർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന അതിസൂക്ഷ്മമായ രക്തപരിശോധനാ സംവിധാനം സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും ബ്ലഡ് ബാങ്കുകളിലും ഇല്ല. തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ച കുട്ടികളടക്കം പലർക്കും എച്ച്ഐവി ബാധിച്ചതും മരിച്ചതും ഇതുമൂലമാണെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
രക്തം ദാനം ചെയ്യുന്നവർക്കു പ്രാഥമികമായി മഞ്ഞപ്പിത്തം, മലന്പനി, ഗുഹ്യരോഗങ്ങൾ എന്നിവയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. എച്ച്ഐവി അണുബാധ കണ്ടുപിടിക്കാനുള്ള എലൈസ ടെസ്റ്റും നടത്തുന്നുണ്ട്. സമൂഹം ഇന്നും ഭയപ്പെടുന്ന എച്ച്ഐവി രോഗാണുക്കളുടെ സാന്നിധ്യം തിരിച്ചറിയാനുള്ള ഷുവർ ടെസ്റ്റായ ന്യൂക്ലിയക് ആസിഡ് ടെസ്റ്റിനുള്ള സൗകര്യം ജില്ലാ ആസ്ഥാനങ്ങളിൽപോലും ഇല്ല.
ഇത് രക്തദാതാക്കൾക്കും രക്തസ്വീകാരികൾക്കും ഒരുപോലെ ഭീഷണിയാണെന്ന് രക്തദാന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്.രക്തദാനത്തിനു മുന്പുള്ള സ്ക്രീനിംഗ് പരിശോധനയിൽ എലൈസ ടെസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എച്ച്ഐവി അണുവിന്റെ ഒളിച്ചുകളി കാലഘട്ടമായ വിൻഡോ പിരീയഡിൽ രോഗാണുബാധ തിരിച്ചറിയാൻ സാധിക്കില്ല.
അതുകൊണ്ട് രക്തദാതാക്കളും സ്വീകാരികളും ഒരുപോലെ ഉൽകണ്ഠയുടെ മുൾമുനയിലാണ്. ന്യൂക്ലിയക് ആസിഡ് പരിശോധനയ്ക്ക് ഇപ്പോൾ തൃശൂരിൽ ഒരിടത്തു മാത്രമേ സൗകര്യമുള്ളൂ. ഒരു പരിശോധനയ്ക്കുതന്നെ 1,300 രൂപ ചെലവുവരും. അതിനാൽ സർക്കാർ സബ്സിഡിയോടുകൂടിയുള്ള പരിശോധനാ സൗകര്യം ഏർപ്പെടുത്തണം.
രക്തദാതാക്കൾ സമൂഹത്തിൽ നിന്ന് ഒരു ബഹുമതിയും പ്രതീക്ഷിക്കുന്നില്ലെങ്കിലും അവരുടെ ജീവരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് അദ്ദേഹം ഓർമിച്ചു.