കെ.കെ.അർജുനൻ
മുളങ്കുന്നത്തുകാവ്: ദേശീയ രക്തദാന ദിനം ഇന്ന് രാജ്യമെങ്ങും ആചരിക്കുന്പോൾ കേരളത്തിലെ മികച്ച സർക്കാർ ആശുപത്രികളിലൊന്നായ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്തബാങ്കിന് പറയാനുള്ളത് പരിമിതികളും പ്രാരാബ്ധങ്ങളും. സ്ഥലപരിമിതിയും ജീവനക്കാരുടെ കുറവുമാണ് തൃശൂർ മെഡിക്കൽ കോളജിലെ രക്തബാങ്ക് നേരിടുന്ന പ്രധാന പ്രശ്നം. നൂറുകണക്കിന് രോഗികൾക്കാണ് തൃശൂർ മെഡിക്കൽ കോളജിൽ ദിവസവും രക്തം നൽകുന്നത്. 200 യൂണിറ്റ് രക്തം ഒരു ദിവസം നൽകുന്നുവെന്നാണ് കണക്ക്.
വ്യക്തികൾ രക്തദാനം നടത്തുന്പോൾ അത് ശേഖരിച്ച് ആവശ്യമായ പരിശോധകൾ നടത്തി ഗുണമേൻമ ഉറപ്പുവരുത്തി സുരക്ഷിതമായി സംഭരിച്ചുവച്ച് ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്. എന്നാൽ ഈ സൗകര്യങ്ങളെല്ലാം മെഡിക്കൽ കോളജിൽ കുറവാണ്. തൃശൂരിൽ നിന്നും അയൽജില്ലകളിൽ നിന്നും നിരവധി രോഗികൾ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടി ദിവസേന എത്തുന്നുണ്ടെങ്കിലും രക്തബാങ്കിന്റെ സൗകര്യങ്ങൾ വിപുലീകരിക്കാൻ കഴിഞ്ഞിട്ടില്ല.
രക്തം ശേഖരിക്കുന്പോൾ പാലിക്കേണ്ടതും നടത്തേണ്ടതുമായ നിരവധി പരിശോധനകൾക്കുള്ള ഉപകരണങ്ങൾ വെക്കാനുള്ള സ്ഥലം മെഡിക്കൽ കോളജ് രക്തബാങ്കിലില്ല. ഉള്ള സ്ഥലത്ത് എല്ലാ ഉപകണങ്ങളും ഒതുക്കിയിട്ടിരിക്കുകയാണ്. രക്തഗ്രൂപ്പ് നിർണയത്തിന് പുറമെ പ്രതിദ്രവ്യങ്ങളുടെ പരിശോധന, രക്തം വഴി പകരാവുന്ന അസുഖങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പരിശോധനകൾ രക്തം ശേഖരിക്കുന്ന വേളയിൽ നടത്താറുണ്ട്. ഇവയ്ക്കുള്ള ഉപകരണങ്ങൾ ശരിയാംവിധം സൗകര്യപ്രദമായി സജ്ജീകരിക്കാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ്.
നൂറു പാക്കറ്റ് രക്തം സൂക്ഷിച്ചുവെക്കാനുള്ള ഫ്രീസർ സൗകര്യം മാത്രമേ തൃശൂർ മെഡിക്കൽ കോളജ് രക്തബാങ്കിലുള്ളു. കൂടുതൽ രക്തം ലഭിച്ചാൽ അത് സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യം ഇവിടെയില്ല. ഇതുമൂലം രക്തദാന ക്യാന്പുകൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളജ്. അതുകൊണ്ടുതന്നെ അപൂർവ രക്തഗ്രൂപ്പുകളിൽ പെട്ട രക്തത്തിന്റെ കുറവും ഇവിടെ അനുഭവപ്പെടുന്നുണ്ട്.
ഗ്രാമങ്ങളിലും മറ്റും നടത്തുന്ന രക്തദാന ക്യാന്പുകൾ വഴിയാണ് ഇത്തരം അപൂർവരക്തഗ്രൂപ്പിൽ പെട്ട രക്തം ശേഖരിക്കുക. ക്യാന്പുകൾ നടത്താത്തിനാൽ ഇത് കിട്ടാനും സാധിക്കുന്നില്ല. ഇതും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെഡിക്കൽ കോളജ് രക്തബാങ്കിൽ ഒരേസമയം ഏഴുപേർക്ക് മാത്രമേ രക്തദാനം ചെയ്യാൻ സാധിക്കുകയുള്ളു.
കൂടുതൽ പേർക്ക് രക്തദാനം നടത്താൻ സൗകര്യമൊരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പലരും കാത്തുനിന്ന് മടങ്ങിപ്പോകുന്ന സ്ഥിതിയുണ്ട്. പണം വാങ്ങി രക്തം വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്വമേധയാ ദ്ാനം ചെയ്യുന്ന രക്തം മാത്രമേ ഇപ്പോൾ രക്തബാങ്കുകളിൽ സ്വീകരിക്കുന്നുള്ളു.
മെഡിക്കൽ കൗണ്സിൽ ഓഫ് ഇന്ത്യ പ്രതിനിധികൾ മെഡിക്കൽ കോളജിന്റെ പ്രവർത്തനം വിലയിരുത്താൻ എത്തിയപ്പോൾ രക്തബാങ്കിന്റെ അടിസ്ഥാന സൗകര്യ കുറവുകൾ ചൂണ്ടിക്കാട്ടുകയും എത്രയും വേഗം ഇത് പരിഹരിച്ചില്ലങ്കിൽ അംഗീകരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
പിഎസ് സി വഴി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ടെക്നീഷ്യൻമാരടക്കമുള്ള ജീവനക്കാരുടെ കുറവും മറ്റൊരു പ്രശ്നമാണ്. നൂറോളം ശസ്ത്രക്രിയകൾ ഒരു ദിവസം നടക്കുന്ന മെഡിക്കൽ കോളജിൽ രക്തബാങ്കിന് പ്രധാന്യം വളരെ വലുതാണ്. പ്രതിവർഷം രണ്ടായിരത്തോളം പേർ ഇവിടെ രക്തദാനം നടത്താനെത്തുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകരടക്കമുള്ളവർ ദിവസവും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉച്ചഭക്ഷണം നൽകാൻ എത്തുന്നുണ്ട്. ഇവരിൽ മിക്കവരും ദിവസവും രക്തം ദാനം നൽകിയാണ് മടങ്ങാറുള്ളത്. സ്ത്രീകളും പെണ്കുട്ടികളും മുൻകാലങ്ങളേക്കാൾ കൂടുതലായി രക്തദാനത്തിന് തയ്യാറായി വരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
പരിമിതികളും ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളുമൊക്കെയുണ്ടെങ്കിലും രക്തദാനവേളയിൽ അതീവജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്. സുരക്ഷയുടെ കാര്യത്തിലും പരിശോധനകളുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇവർ തറപ്പിച്ചു പറയുന്നു.