കോഴിക്കോട്: തലസീമിയ, ഹീമോഫീലിയ,സിക്കിൾ സെൽ അനീമിയ മാരക അപൂർവ രോഗം ബാധിച്ചവർക്ക് ചികിത്സ നൽകാൻ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്.
ദേശീയ അപൂർവ രോഗനയത്തിന്റെ ഭാഗമായി രാജ്യത്ത് എട്ട് മികവിന്റെ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അപൂർവരോഗ ചികിസക്കും പ്രതിരോധത്തിനും അവരുമായി ബന്ധപ്പെട്ടാൽ മതിയാവുമെന്നാണ് (അപൂർവ രോഗവിഭാഗം) അണ്ടർ സെക്രട്ടറി മനീഷ് രാജ് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശേരിക്ക് നൽകിയ ഉത്തരവിൽ അറിയിച്ചിരിക്കുന്നത്.
2021ലെ ദേശീയ അപൂർവ രോഗ പദ്ധതി പ്രകാരം ക്രൗഡ് ഫണ്ടിംഗിനും വളണ്ടറി ഡോണേഷനും പ്രത്യേക ഡിജിറ്റൽ പോർട്ടൽ രൂപകല്പന ചെയ്തു ലോഞ്ച് ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അപൂർവ രോഗ ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭിക്കാൻ രോഗികൾക്ക് ഏറ്റവും അടുത്ത മികവിന്റെ കേന്ദ്രത്തിലെ പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണെന്നാണ് ഉത്തരവിൽ അറിയിച്ചിരിക്കുന്നത്.
എട്ട് മികവിന്റെ കേന്ദ്രങ്ങളുടേയും അതിലെ നോഡൽ ഓഫീസർമാരുടേയും ഫോൺ നമ്പറും പേര് വിവരവും ഉത്തരവിനോടൊപ്പം അറിയിച്ചിട്ടുണ്ട്.
കേരളത്തിലുള്ളവർക്ക് ബംഗളൂരുവിലെ സെന്റർ ഫോർ ഹ്യൂമൻ ജനറ്റിക്സ് വിത്ത് ഇന്ദിരാഗാന്ധി ഹോസ്പിറ്റലാണ് ഏറ്റവും അടുത്തുള്ള കേന്ദ്രം. ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് അസോസിയേറ്റ് പ്രൊഫസർ ഡോ.ജി.എൻ സഞ്ജീവയാണ് കേന്ദ്രത്തിലെ നോഡൽ ഓഫീസർ.
2020 ഡിസമ്പർ 12 ന് ലോക സാർവത്രിക ആരോഗ്യ സുരക്ഷ ദിനത്തോടനുബന്ധിച്ച് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ നടത്തിയ രക്തജന്യ രോഗികളുടേയും രക്ഷിതാക്കളുടേയും ഉപവാസ സമരത്തോടനുബന്ധിച്ച് അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധന് സമർപിച്ച നിവേദനത്തിനുള്ള മറുപടിയായാണ് ഉത്തരവുണ്ടായിരിക്കുന്നതെന്ന് ബ്ളഡ് പേഷ്യന്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശേരി പറഞ്ഞു.