ഗാന്ധിനഗർ/കോട്ടയം: അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭിക്കാതെ രോഗികൾ വലയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ രക്ത ബാങ്കിൽ പല ഗ്രൂപ്പുകളിലുമുള്ള രക്തത്തിനു ക്ഷാമം അനുഭവപ്പെടുന്നു.
കോവിഡിനെ തുടർന്ന് രക്തം ദാനം ചെയ്യുവാൻ ജനങ്ങൾ എത്തുന്നില്ലെന്നതാണ് ഇപ്പോൾ ഇങ്ങനെ ലഭ്യതക്കുറവിനു കാരണം. വിവിധ വിഭാഗങ്ങളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടക്കുന്നത്.
അപകടങ്ങളിൽപ്പെട്ടും മറ്റാരോഗ്യ പ്രശ്നങ്ങളുമായി എത്തുന്ന രോഗികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവരുന്പോഴും രക്തം ആവശ്യമായി വരുന്നുണ്ട്. നിലവിലുള്ള സ്റ്റോക്കിൽ നിന്നാണ് ഇപ്പോൾ ഇങ്ങനെയുള്ള ആവശ്യം നിറവേറ്റുന്നത്.
ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ രക്തത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടും. ഇതു ശസ്ത്രക്രിയകൾ പോലെയുള്ള അടിയന്തര ചികിത്സാ സൗകര്യം തന്നെ മാറ്റിവെയ്ക്കേണ്ടി വരികയും ചെയ്യും. ഇത് ഇവിടെയത്തുന്ന രോഗികളുടെ ജീവനു തന്നെ ഭീഷണിയാകും.
നിരവധി സന്നദ്ധ സംഘടകളും വിദ്യാർഥികളുമെല്ലാം മെഡിക്കൽ കോളജിലെ രക്ത ബാങ്കിൽ എത്തി രക്തദാനം നടത്തിവന്നിരുന്നു. കഴിഞ്ഞ മാർച്ചു മുതൽ കോവിഡ് വ്യാപകമായി പടർന്നു പിടിക്കുകയും ലോക്ഡൗണായതിനു ശേഷവുമാണ് രക്തദാനത്തിനായി ആളുകൾ എത്താതായി തുടങ്ങിയത്.
ഇതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.മെഡിക്കൽ കോളേജിൽ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന മെഡിക്കൽ ലാബുണ്ട്. ഈ വാഹനം പല സ്ഥലങ്ങളിൽ പോയി ക്യാന്പുകൾ സംഘടിപ്പിച്ച് രക്തം ശേഖരിക്കാറുമുണ്ട്.
എന്നാൽ കോവിഡ് സൃഷ്ടിക്കുന്ന വെല്ലുവിളിയാണ് ഇതിനു തടസമാകുന്നത്. ഇപ്പോൾ രോഗികളുടെ ബന്ധുക്കൾ സമൂഹ മാധ്യമങ്ങൾ വഴി രക്തത്തിന്റെ ആവശ്യം ഉന്നയിച്ച് പോസ്റ്റുകൾ ഇടുകയാണു ചെയ്യുന്നത്. നെഗറ്റീവ് ഗ്രൂപ്പിൽപെട്ട രക്തം ലഭിക്കാനാണ് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നത്.
രക്തം ദാനം ചെയ്യുവാൻ ഏറെപ്പേർ മുന്നോട്ടു വന്നെങ്കിൽ മാത്രമേ മനുഷ്യ ജീവനുകൾ സംരക്ഷിക്കുവാൻ വിദഗ്ധരായ ഡോക്ടർമാർക്കും കഴിയൂ.
അതിനുള്ള കർമപദ്ധതികൾ സന്നദ്ധ സംഘടകളും വ്യക്തികളും നടപ്പാക്കിയേ മതിയാകൂ. അവർക്കു വേണ്ട സുരക്ഷ ഒരുക്കുവാൻ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്കും കഴിയണം.