നെയ്യാറ്റിൻകര: കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറായ അനൂഷ് എൻ.എൽ രാജിന്റെ രക്തഗ്രൂപ്പ് ബി പോസിറ്റീവ് ആണ്. രക്തദാനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്പോൾ ഈ യുവാവിന്റെ ഇടപെടലുകളും ബി പോസിറ്റീവാണെന്ന് വ്യക്തമാകും.
നെല്ലിമൂടിനു സമീപം ഇലഞ്ഞിവിള വീട്ടിൽ നേശരാജിന്റെയും ലീലയുടെയും മൂന്നു മക്കളിൽ ഇളയവനായ അനൂഷ് ആദ്യമായി രക്തദാനം നിർവഹിച്ചത് 1998 ഒക്ടോബർ രണ്ടിനായിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ക്യാന്പിൽ ആരംഭിച്ച ഈ സത്കർമം കഴിഞ്ഞ 20 വർഷത്തിനിടയിൽ 49 തവണ ആവർത്തിച്ചു.
നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ഇന്ന് നടക്കുന്ന മാനുഷം മെഗാ രക്തദാന ക്യാന്പിൽ അനൂഷ് ജീവിതത്തിലെ അന്പതാമത് രക്തദാനം പൂർത്തിയാക്കി. തിരുവനന്തപുരത്തെ സർക്കാർ ആശുപത്രികൾക്ക് ഈ ചെറുപ്പക്കാരൻ സുപരിചിതനായതും ഉള്ളിലെ വറ്റാത്ത നന്മയുടെ ബന്ധത്താലാണ്.
ഏത് അർധരാത്രിയിലും ആവശ്യക്കാർക്കായി രക്തം ക്രമീകരിക്കാൻ അനൂഷ് സന്നദ്ധനാണെന്നതിന് നിരവധി ഉദാഹരണങ്ങൾ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. കാസർകോട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്കായി രക്തം ദാനം ചെയ്ത ഓർമ്മ അനൂഷിന്റെ മനസിൽ മായാതെ ബാക്കി. നെല്ലിമൂട് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്ന വാട്സ് അപ്പ് കൂട്ടായ്മയിൽ അനൂഷ് ഉൾപ്പെടെ 62 പേർ സജീവ അംഗങ്ങളാണ്. കഐസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിൽ അനൂഷ് രൂപം നൽകിയ രക്തദാന സേനയിൽ നിലവിൽ 56 പേരുണ്ട്.
നെഹ്റു യുവകേന്ദ്ര യൂത്ത് അവാർഡ്, ദേശസ്നേഹി യുവ പുരസ്കാരം, ഡിവൈഎഫ്ഐ സമ്മാനിച്ച പ്രോത്സാഹന പുരസ്കാരം മുതലായവ അനൂഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരങ്ങളിൽ ചിലത് മാത്രം. നാട്ടിലും ഡിപ്പോയിലുമായി നൂറിലേറെ രക്തദാന ക്യാന്പുകൾ സംഘടിപ്പിച്ചതിനും അദ്ദേഹം മുൻകൈയെടുത്തു. രക്തദാതാക്കളുടെ കൂട്ടായ്മകൾ നിറഞ്ഞ കേരളമാണ് അനൂഷിന്റെ സ്വപ്നം.