റോബിൻ ജോർജ്
തങ്ങളുടെ സിരകളിലൂടെ ഒഴുകുന്ന രക്തം മറ്റുള്ളവർക്കു ജീവനേകുമെങ്കിൽ ഈ യുവാക്കൾക്കു സന്തോഷമേയുള്ളൂ… പ്രതിഫലം മോഹിക്കാതെ പ്രവർത്തിക്കുന്പോഴും ഇവരുടെ മനസിലുള്ളത് ചെറിയൊരു ആഗ്രഹംമാത്രം…കുടുംബാംഗങ്ങളുടെ മനസ് നിറഞ്ഞുള്ള ഒരു ചെറുപുഞ്ചിരി. പറഞ്ഞുവരുന്നതു മറ്റൊന്നുമല്ല മൂവാറ്റുപുഴ റെഡ്ക്രോസ് യൂണിറ്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന യൂത്ത്് വിംഗിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ്. ആവശ്യക്കാർക്ക് ഏതു സമയത്തും രക്തം ലഭ്യമാക്കുകയാണ് ഈ സംഘത്തിലുള്ളവർ. ഇതിനു സഹായകരമാകുന്നതാകട്ടെ ഏകദേശം തൊള്ളായിരത്തോളം പേരടങ്ങുന്ന അംഗങ്ങളുടെ പിൻബലവും.
മുവാറ്റുപുഴ ഈസ്റ്റ് മാറാടി സ്വദേശികളായ ക്ലിന്റണ്, സഹോദരൻ ക്ലീറ്റസ്, സുഹൃത്തുക്കളായ ജോ അലൻ ജിമ്മി, ആൽബർട്ട് കിരണ് എന്നിവരാണ് ബ്ലഡ് ഡൊണേറ്റ് കോഓർഡിനേറ്റർമാരായി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. സംഘത്തിന്റെ സഹായഹസ്തത്താൽ തിരികെ ജീവിതത്തിലേക്കു മടങ്ങിയെത്തിയവരുടെ എണ്ണം ചെറുതല്ലെന്നു മാത്രമല്ല എറണാകുളം ജില്ലയ്ക്കു പുറമെ സമീപ ജില്ലകളിൽവരെ ഇവരുടെ പ്രവർത്തനങ്ങൾ തിളങ്ങിനിൽക്കുന്നു.
രക്തം ദാനം നൽകാൻ യുവാക്കൾ മുന്നോട്ടുവരുന്നതാണു സംഘത്തിന്റെ യഥാർത്ഥ ശക്തിയെന്നു കോ ഓർഡിനേറ്റർമാരിലെ പ്രധാനിയായ ക്ലിന്റണ് വ്യക്തമാക്കുന്നു. വർഷങ്ങൾക്കുമുന്പ് മുവാറ്റുപുഴയിലുണ്ടായ അപകടത്തിന്റെ പശ്ചാ
ത്തലത്തിലാണു ക്ലിന്റണ് ഈ പ്രവർത്തന മേഖലയിലേക്ക് എത്തുന്നത്. പരുക്കേറ്റയാളെ ആശുപത്രിയിലാക്കിയ ആളുകളുടെ കൂട്ടത്തിൽ ക്ലിന്റണും ഉൾപ്പെട്ടിരുന്നു. രോഗിക്ക് ആവശ്യമായി വന്ന രക്തത്തിനായി കുടുംബാംഗങ്ങൾക്കൊപ്പം ഓടിയത് ക്ലിന്റണിന്റെ മനസിൽനിന്നു ഇന്നും മാഞ്ഞിട്ടില്ല. രക്തം ലഭിക്കാതെ വിഷമിക്കുന്നവർ ഉണ്ടാകരുതെന്നു തീരുമാനിച്ച് തുടങ്ങിയ പ്രവർത്തനങ്ങൾ ഇന്നു നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിൽ പൂർണ സന്തോഷവാനാണു ക്ലിന്റണ്. കെസിവൈഎം പ്രവർത്തക
നായിരുന്ന കാലത്തു ലഭിച്ച ഉൗർജമാണു പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഇടയാക്കിയത്. കെസിവൈഎം അംഗങ്ങളെ ഒരു കുടക്കീഴിലാക്കി രക്തദാനത്തിനു പ്രാധാന്യം നൽകി പ്രവർത്തിച്ചു. തുടർന്നു മൂന്നുവർഷം മുന്പാണു മൂവാറ്റുപുഴ റെഡ്ക്രോസ് യൂണീറ്റിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. വലിയൊരു സംഘത്തിന്റെ ഭാഗമായതോടെ പ്രവർത്തനമേഖലയും വളർന്നു. രക്ത ദായകരുടെ സംഘത്തെ നയിക്കുന്നവരിൽ പ്രധാനിയായതോടെ നിലയ്ക്കാത്ത ഫോണ് വിളികളാണു ദിനവും സംസ്ഥാനത്തിന്റെ മുക്കിലും മൂലയിൽനിന്നും വരുന്നതെന്ന് ഈ യുവാവ് പറയുന്നു.
ഇവർ മുഖേന ദിവസേന 15 മുതൽ 16 പേർക്കുവരെയാണു രക്തം നൽകുന്നത്. വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ നിലവിൽ 20 മുതൽ 22 പേർക്കുവരെ രക്തം ആവശ്യമായി വരുന്നുണ്ട്. ഒരാൾക്കു കുറഞ്ഞതു മൂന്ന് യൂണീറ്റ് രക്തമെങ്കിലും വേണ്ടിവരും. ആവശ്യക്കാരുടെ വിളിയെത്തിയാൽ കോളിന്റെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം രോഗിയുടെ വിവരങ്ങൾ ശേഖരിക്കുന്നതാ
ണ് ആദ്യ കടന്പ. തുടർന്നു രക്ത ഗ്രൂപ്പും ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇടേണ്ട താമസം അംഗങ്ങളുടെ വിളി എത്തിയിരിക്കും. കോളജ് വിദ്യാർഥികളാകും വിളിക്കുന്നവരിൽ ഏറെപ്പേരും. ഇനി വിളിയെത്തിയില്ലെങ്കിലും ഇവർ പേടിക്കില്ല. കാരണം ഇതിനകംതന്നെ രക്തം നൽകാൻ തയ്യാറായവരുടെ അറിയിപ്പുകൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ ലഭിച്ചിരിക്കും. ഇവരുടെയും തങ്ങളുടെ പക്കലുള്ള ലിസ്റ്റും പരിശോധിച്ചശേഷം വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്നവരെ ആശുപത്രിയിലേക്ക് അയക്കുകയാണു പതിവ്. അപകടത്തിലോ അടിയന്തിര സാഹചര്യങ്ങളിലോ ആവശ്യമായി വരുന്നവർക്കു ഏതു രാത്രിയിലും രക്തം നൽകാൻ പലരും സന്നദ്ധർ.
അപരിചിതരുടെ ജീവൻ നിലനിർത്താനായി പരക്കംപായുന്പോഴും ആ കുടുംബത്തിന്റെ സന്തോഷമാണ് ഇവരുടെ മനസിലുള്ളത്. രക്തം ലഭിക്കാതെ വലയുന്നവരുടെ മുന്നിൽ ദൈവദൂതരെപ്പോലെ എത്തുന്നവരെ നിറഞ്ഞ കണ്ണുങ്ങളോടെ ആലിംഗനം ചെയ്യുന്ന കുടുബാംഗങ്ങളുടെ മുഖം ഇവരുടെ മനസിൽനിന്നു മായുന്നില്ല.
പുത്തൻ തലമുറ യുവാക്കളോടുള്ള സ്നേഹം എത്ര പറഞ്ഞാലും തീരില്ലെന്നു ക്ലിന്റണ് പറയുന്നു. ഇതിനുള്ള കാരണം ചോദിച്ചാൽ ഒരോ മൂന്നുമാസം കൂടുന്പോഴും ചേട്ടാ ഞങ്ങളുടെ രക്തം നൽകാറായെന്നു വിളിച്ചു പറയുന്നവരാണു ഇവരെന്നും ക്ലിന്റണ് പറയുന്നു. ലഭിക്കാൻ പ്രയാസമായ രക്ത ഗ്രൂപ്പുകളുടെ അഭാവം നികത്തുന്നതുതന്നെ ഇത്തരം യുവാക്കളുടെ ഉൗർജിത ഇടപെടലുകൾമൂലമാണ്. എറണാകുളത്തും സമീപ ജില്ലകളിലുമുള്ള വിവിധ കോളജുകളിലെ വിദ്യാർഥികളുടെ പ്രവർത്തനം പ്രശംസനീയംതന്നെ. സംഘടനയിലെ കോ ഓർഡിനേറ്റർമാരായ ക്ലീറ്റസും ജോ അലനും ആൽബർട്ടും കോളജ് വിദ്യാർഥികളാണ്. ഇതിനു പുറമെ രാഷ്ട്രീയ യുവജന സംഘടനകളുടെയും രക്ത ദാതാക്കളായ മറ്റു സംഘടനകളുടെയും പിൻബലവും ഇവർക്കു ലഭിക്കുന്നുണ്ട്. രക്തത്തിനായി ആശ്രയിച്ചവരിൽ ആരെയും നിരാശരാക്കിയിട്ടില്ലെന്നതു സംഘത്തിന്റെ മികവു തുറന്നുകാട്ടുന്നു. രക്തം ആവശ്യമുള്ളവർക്ക് 9388633331 എന്ന നന്പറിൽ വിളിക്കാം.