എം.വി. വസന്ത്
തൃശൂർ: രക്തം കൂടുതൽ ആവശ്യമായി വരുന്നവർതന്നെ വിമുഖത കാണിച്ചാലോ..? വേണം, സ്ത്രീശാക്തീകരണം രക്തദാന രംഗത്തും. ആശുപത്രികളിൽ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ രക്തം വേണ്ടിവരുന്നതു സ്ത്രീകൾക്കെന്നാണ് ആരോഗ്യരംഗത്തെ കണക്കുകൾ. പക്ഷേ, രക്തദാതാക്കളിൽ പിന്നാന്പുറക്കാരും സ്ത്രീകൾ തന്നെ. ഇതാണ് സ്ത്രീകളിലെ ബോധവത്കരണത്തിന്റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടപ്പെടുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 70 ശതമാനത്തോളം രക്തദാതാക്കളും പുരുഷന്മാരാണ്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ സ്ത്രീകളായ രക്തദാതാക്കൾ പത്തുശതമാനത്തിൽ താഴെ മാത്രം. അപക്വമായ ചിന്താഗതിയും ബോധവത്കരണമില്ലായ്മയുമാണ് സ്ത്രീരക്തദാതാക്കളുടെ എണ്ണത്തിൽ കുറവു വരുത്താൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു.
പ്രസവാനന്തര അടിയന്തര ചികിത്സയ്ക്കായി ഇരുപതു മുതൽ മുപ്പതു കുപ്പിവരെ രക്തം വേണ്ടിവരുന്നവരുണ്ട് നമ്മുടെ നാട്ടിൽ. എന്നിട്ടും രക്തദാതാക്കളായ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുന്നില്ല. പൊതുവെ സ്ത്രീശരീരത്തിൽ പുരുഷനെക്കാൾ അരലിറ്റർ രക്തം കുറവാണെന്നു ശാസ്ത്രം പറയുന്നു. എന്നാൽ ഇതു രക്തദാനത്തെ ബാധിക്കുന്ന കാര്യമല്ല. മാസമുറക്കാലത്തു രക്തം കൂടുതൽ പോകുന്നുവെന്നും രക്തദാനം അനീമിയ അഥവാ രക്തക്കുറവുണ്ടാക്കുമെന്നും തുടങ്ങിയ തെറ്റിദ്ധാരണകൾ ഇന്നും സ്ത്രീകൾക്കിടയിലുണ്ട്.
പുരുഷന്മാരുണ്ടെങ്കിൽ പിന്നെന്തിനു സ്ത്രീ രക്തം നല്കണമെന്ന സാമാന്യ ന്യായീകരണ വാദവും സമൂഹത്തിലിന്നുമുണ്ട്. ആരോഗ്യമുള്ള സ്ത്രീക്ക് തീർച്ചയായും രക്തം നല്കാം എന്ന ബോധവത്കരണ സന്ദേശമാണ് സമൂഹത്തിലെത്തേണ്ടത്. ഒരാളുടെ ശരീരത്തിൽനിന്ന് 350 മില്ലിലിറ്റർ മാത്രമാണ് ദാനം ചെയ്യാനായി എടുക്കുകയുളളൂ.
അറുപതു കിലോയിൽ കൂടുതൽ ഭാരമുള്ള ഒരാളിൽനിന്ന് 450 മില്ലിലിറ്റർ വരെ രക്തം സ്വീകരിക്കാം. ഈ രക്തമാകട്ടെ 24 മുതൽ 48 വരെ മണിക്കൂറിനുള്ളിൽ ശരീരം വീണ്ടും ഉത്പാദിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രക്തം ദാനം ചെയ്യുന്നതു ശരീരത്തിനു ദോഷം ചെയ്യില്ലെന്നു മാത്രമല്ല, പുതിയ കോശങ്ങൾ ഉണ്ടാകാൻ സഹായകമാവുകയും ചെയ്യും.
രക്തദാന സേവന സന്നദ്ധ സംഘടനകളില്ലാത്ത നാല്പതോളം രാജ്യങ്ങൾ ഇന്നു ലോകത്തുണ്ട്. ഇവിടങ്ങളിൽ രക്തദാനം നടക്കാറുണ്ടെങ്കിലും സൗജന്യ സേവനം ഇന്നും യാഥാർഥ്യമായിട്ടില്ല. രക്തം വിലകൊടുത്തു വാങ്ങുന്ന രാജ്യങ്ങളുമുണ്ട്. സൗജന്യ രക്തദാന സേവനരംഗത്തു നമ്മുടെ രാജ്യം ബഹുദൂരം മുന്നിലാണ്.
രക്തദാനരംഗത്തിനും സ്ത്രീശാക്തീകരണം തുണയാകണം. കാരണം, നിങ്ങളുടെ ഒരു യൂണിറ്റ് രക്തത്തിനു മറ്റൊരാളുടെ ജീവൻതന്നെ രക്ഷിക്കാനാകും.