സ്വന്തം ലേഖകൻ
തൃശൂർ: സർവമേഖലയിലും വനിതകളുടെ ഇടപെടലും സാന്നിധ്യവും വ്യാപകമാകുന്ന ഇക്കാലത്തും രക്തദാനരംഗത്തു സ്ത്രീപങ്കാളിത്തം കുറവാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.
പുരുഷന്മാരാണ് രക്തദാനത്തിനു കൂടുതലും തയാറായി വരുന്നതെന്നും ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ)യുടെ വനിതാവിഭാഗമായ ഏയ്ഞ്ചൽസ് ഗ്രൂപ്പിലുള്ളവർ പറയുന്നു. ആരോഗ്യമുള്ള സ്ത്രീകൾ രക്തദാനത്തിനു കൂടുതലായി രംഗത്തുവരണമെന്നും അതിനായി ബോധവത്കരണം വ്യാപകമാക്കുമെന്നും ബിഡികെ ഏയ്ഞ്ചൽസ് ഗ്രൂപ്പിന്റെ കോ-ഓർഡിനേറ്റർ സരിത വസന്ത് പറഞ്ഞു.
രക്തദാനത്തിനു സന്നദ്ധരായി എത്തുന്ന പല സ്ത്രീകളും ആരോഗ്യം കുറവായിട്ടുള്ളവരും എച്ച്ബി കൗണ്ട് കുറവുള്ളവരുമാകുന്ന കാഴ്ചയാണ് പലപ്പോഴുമുള്ളതെന്ന് ഇവർ പറയുന്നു. എച്ച്ബി കൗണ്ട് വർധിപ്പിക്കാൻ കഴിക്കേണ്ട ആഹാരത്തെക്കുറിച്ചെല്ലാം രക്തദാന ക്യാന്പുകളിലെത്തുന്ന സ്ത്രീകളെ ബോധവത്കരിക്കാറുണ്ട്.
എങ്കിലും പൊതുവെ രക്തദാനത്തിനു തയാറായി എത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നുള്ളതാണ് സംസ്ഥാനത്തൊട്ടാകെയുള്ള അവസ്ഥ. അതേസമയം സ്ഥിരം രക്തദാനം നടത്തുന്ന സ്ത്രീകളുണ്ടെന്നതും പ്രത്യേകം ഓർക്കേണ്ടതാണ്.
രക്തം നൽകാൻ പേടിയുള്ളവരും ഒരുപാടു സംശയങ്ങളുള്ളവരുമായ നിരവധി സ്ത്രീകളുണ്ടെന്നും ഈ വനിതാ ദിനത്തിൽ അവർ അതെല്ലാം മാറ്റിവച്ച് രാമവർമപുരത്തെ ഐഎംഎ ബ്ലഡ് ബാങ്കിലേക്കു വരണമെന്നും ബി.ഡി.കെ ഏയ്ഞ്ചൽസ് ഗ്രൂപ്പ് ക്ഷണിക്കുകയാണ്.
ബിഡികെ തൃശൂരിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി കരുതലോടെ സന്നദ്ധ രക്തദാനം നടത്താമെന്ന ആഹ്വാനത്തോടെയാണ് പുലിക്കളിയുടെ നാട്ടിലെ പെണ്‍പുലികളെ ജീവദാനമായ രക്തദാനത്തിനായി ക്ഷണിച്ചിരിക്കുന്നത്.
രക്തദാനത്തിന് ആശുപത്രിയിൽ പോകാൻ മടിച്ചിരിക്കുന്നവരും ഒരിക്കലെങ്കിലും രക്തം നൽകണമെന്ന് ആഗ്രഹിച്ചിരിക്കുന്നവരുമൊക്കെയായ എല്ലാ വനിതകളും പരമാവധി വനിതകളെ കൂട്ടി എത്തണമെന്ന് ഏയ്ഞ്ചൽസ് ഗ്രൂപ്പ് സോഷ്യൽ മീഡിയ വഴി ക്ഷണിക്കുന്നുണ്ട്.
ഇതു നമ്മൾ നയിക്കുന്ന, രചിക്കുന്ന പുതു ചരിത്രമാണ്, ഒരുപാടു പേർക്ക് ഉൗർജമാകാൻ ഉതകുന്ന ചരിത്രം – എന്നാണ് ആവേശം പകരുന്ന ഇവരുടെ ഓർമപ്പെടുത്തൽ. ഒരു ജീവൻ രക്ഷിക്കാൻ കഴിക്കുന്നതിനേക്കാൾ വലുതല്ല മ്മടെ മറ്റേതൊരു തിരക്കും…. അപ്പൊ എല്ലാ പെണ്‍പുലികളും ഉഷാറായി ആളെ കൂട്ടിക്കോ…. എന്ന ആഹ്വാനവും വാട്സാപ്പിൽ പറക്കുന്നു.
ലോകം നാളെ വനിതാദിനം ആഘോഷിക്കുന്പോൾ തൃശൂരിലെ പെണ്‍പുലികൾ രാമവർമപുരത്തെത്തി രക്തദാനം നടത്തും. രാവിലെ ഒന്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. ഇത്രയൊക്കെ പറഞ്ഞിട്ടും ഡൗട്ട് തീരണില്യേ… എന്നാൽ, സ്ത്രീ സുഹൃത്തുക്കളേ വിളിച്ചോളൂ…..9995999954 ആണ് നന്പർ.