ഗാന്ധിനഗർ: രക്തംദാനം നടത്താൻ കോട്ടയം മെഡിക്കൽ കോളജിലെ രക്ത ബാങ്കിൽ എത്തുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇപ്പോഴുണ്ടാകുന്ന വലിയ തിരക്കുകൾ ഒഴിവാക്കി രോഗികൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ രക്തംദാനം ചെയ്യാൻ കഴിയുമെന്ന് രക്ത ബാങ്ക് അധികൃതർ പറയുന്നു. മെഡിക്കൽ കോളജിൽ രക്തംദാനം ചെയ്യാൻ എത്തുന്നവരോട് രക്ത ബാങ്കിലുള്ളവർ പല തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് രക്ത ദാതാവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആക്ഷേപമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വിശദീകരണം നല്കിയത്.
ആന്റിബയോട്ടിക് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ, ടിബി രോഗമുള്ളവർ, സ്ഥിരമായി മദ്യം – മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ രക്തംദാനം ചെയ്യുന്നതിനായി എത്തരുത്. മറ്റ് സംസ്ഥാനത്തു പോയി മടങ്ങി വരുന്നവരും, പല്ല് എടുത്ത ശേഷം ജലദോഷമുള്ളവരും മൂന്നു മാസത്തിനു ശേഷമേ രക്തം നൽകുന്നതിന് തയ്യാറാകാവു.
1975ൽ മുംബൈയിൽനിന്ന് വന്ന യുവതി പ്രസവ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജിലെത്തി. രക്തസ്രാവം നിയന്ത്രണാതീതമായി. രക്തം ലഭിക്കാതെ വന്നപ്പോൾ ഭർത്താവിന്റെ ഒ നെഗറ്റീവ് രക്തം പരിശോധന നടത്താതെ യുവതിക്ക് നൽകി. എന്നാൽ എച്ച്ഐവി പോസിറ്റീവായിരുന്നു ഭർത്താവിന്റെ രക്തം. അതിനാൽ യുവതി പിന്നീട് മരിച്ചു.
തന്റെ ഭാര്യ മരിച്ചത് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് ജീവനക്കാരുടെ അനാസ്ഥയാണെന്ന് കാണിച്ച് കോടതിയിൽ ഭർത്താവ് കേസ് നൽകി. സുപ്രീം കോടതിയിൽ എത്തിയ കേസിൽ ഭർത്താവ് നൽകിയ രക്തമായതിനാൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ വിധി പ്രഖ്യാപിക്കുകയും തുടർന്ന് രക്തദാതാവിൽ നിന്നു രക്തം സ്വീകരിക്കുന്നതിന് ചില ചട്ടങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഈ നിയമങ്ങളാണ് മുഴുവൻ രക്ത ബാങ്കിലും പാലിക്കപ്പെടുന്നതെന്നും അധികൃതർ പറഞ്ഞു.