മുക്കം: വിവാഹ ദിവസം കതിർമണ്ഡപത്തിൽ നിന്ന് രക്ത ദാനത്തിനായി നേരെ ആശുപത്രിയിലെത്തി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് കാരശേരി സർക്കാർ പറമ്പ് സ്വദേശി ഷിൽജുവും ഭാര്യ മലപ്പുറം വെട്ടുപാറ സ്വദേശി രേഷ്മയും.
രേഷ്മയുടെ വീട്ടിൽ വച്ച് താലികെട്ടു കഴിഞ്ഞിറങ്ങുമ്പോഴാണ് കൂട്ടത്തിൽ നിന്നാരോ രക്തം ആവശ്യമായ രോഗിയുടെ ബന്ധുക്കളുമായി മൊബൈലിൽ സംസാരിക്കുന്നതു ഷിൽജുകേട്ടത്. കാരശേരി കക്കാട് സ്വദേശിനിയായ 21 കാരിക്കാണ് ബി പോസിറ്റീവ് രക്തം ആവശ്യമായിരുന്നത്. ഉടൻ തന്നെ ഷിൽജു രക്തദാനത്തിന് സന്നദ്ധനാവുകയായിരുന്നു. ഷിൽജുവിന്റെ ഈ സന്നദ്ധത ഏവരേയും അത്ഭുതപ്പെടുത്തി.
വിവാഹ ദിവസം വീട്ടിൽ പോലും പോവുന്നതിന് മുൻപ് തന്നെ രക്തം നൽകാനായി തയ്യാറായ ഷിൽജുവിനെ എന്റെ മുക്കം വാട്സ് ആപ്പ് കൂട്ടായ്മ സന്നദ്ധ സേന കൺവീനർ അസ്ക്കറും കൂട്ടുകാരും സ്നേഹത്തോടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷിൽജുവിന്റെ മനസ് കെഎംസിടി മെഡിക്കൽ കോളജിൽ കഴിയുന്ന പാവപ്പെട്ട രോഗിയിലായിരുന്നു.
തന്റെ ഭർത്താവിന്റെ നല്ല മനസ് തിരിച്ചറിഞ്ഞ രേഷ്മയും സുഹൃത്തുക്കളും പിന്നെ ഒട്ടും താമസിച്ചില്ല, നേരെ ആശുപത്രിയിലേക്ക്. പാലിയേറ്റീവ് പ്രവർത്തകൻ മുഹമ്മദ് കക്കാടായിരുന്നു പാവപ്പെട്ട രോഗിക്ക് രക്തത്തിനു വേണ്ടി ‘എന്റെ മുക്കം’ത്തിന്റെ സഹായം തേടിയത്.
ആശുപത്രിയിലേക്ക് കല്യാണ ചെക്കനും പെണ്ണും മറ്റ് നിരവധി പേരും വരുന്നത് കണ്ടപ്പോൾ ആശുപത്രി ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യമറിഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ അവരെസ്വീകരിച്ചു. അതിനിടെ ഭാര്യ വീട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് തിരിച്ചു പോന്ന ചെക്കനേയും പെണ്ണിനേയും കാണാതായതോടെ വീട്ടുകാർ അൽപ്പം പരിഭ്രാന്തരായങ്കിലും കാര്യമറിഞ്ഞതോടെ അവരും സന്തോഷത്തോടെ കാത്തിരുന്നു.
രക്തദാനത്തിനു ശേഷമായിരുന്നു സ്വീകരണവും സൽക്കാരവുമെല്ലാം. ഷിൽജുവിന്റെ നല്ല മനസ് എന്റെ മുക്കം വാട്സ് ആപ്പ് കൂട്ടായ്മക്കും നാടിനും അഭിമാനമായി.