ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും സമൂഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നാണ് രക്തദാനം. കാരണം ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും. അതിനാലാണു രക്തദാനം മഹാദാനം എന്നറിയപ്പെടുന്നത് .
അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളിലും, പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കേണ്ടത് സുപ്രധാനം.
നിത്യേനയുണ്ടാകുന്ന റോഡ് അപകടങ്ങൾ, ശസ്ത്രക്രിയ, പൊള്ളൽ, ഫിമോഫീലിയ, ഡെങ്കിപ്പനി, കാൻസർ, പെട്ടെന്നുണ്ടാകുന്ന ചില അസുഖങ്ങൾ അങ്ങനെ നിത്യജീവിതത്തിൽ രക്തം സ്വീകരിക്കേണ്ടിവരുന്നതിന്റെയും രക്തം ദാനം ചെയ്യേണ്ടിവരുന്നതിന്റെയും അവസരങ്ങൾ നിരവധിയാണ്. ജീവിതത്തിന്റെ ഗതിവിഗതികൾ തികച്ചും അപ്രതീക്ഷിതമായതിനാൽ മറ്റൊരാളുടെ ജീവനുവേണ്ടി ഇന്ന് നൽകുന്ന ജീവരക്തം നാളെ നമ്മൾക്കും വേണ്ടിവന്നേക്കാം… അതോടൊപ്പം ഒരു ജീവൻ രക്ഷിക്കാൻ നമ്മൾ കാാണിക്കുന്ന പ്രതിബദ്ധത നാളെ മറ്റൊരാൾക്കു മാതൃകയാവുകയും ചെയ്യും.
രക്തദാനം – നാം അറിയേണ്ട കാര്യങ്ങൾ
രക്തം മനുഷ്യന്റെ ജീവൻതന്നെയാണ്. മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്. ഒരാളുടെ ശരീര ഭാരത്തിന്റെ ഏകദേശം എട്ടു ശതമാനം രക്തത്തിന്റെ ഭാരമാണ്. ആകെയുള്ള ശരീരരക്തത്തിൽ 15 ശതമാനം നഷ്ടപ്പൊൽ പുറമെനിന്നു രക്തം സ്വീകരിക്കേണ്ടിവരും.
20 – 30 ശതമാനം വരെ രക്തം നഷ്ടപ്പെടുന്പോൾ ഈ നഷ്ടം നിശ്ചിത സമയത്തിനുള്ളിൽ നികത്തിയില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും.
പ്ലാസ്മ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ് ലെറ്റ് എന്നിവയാണ് രക്തത്തിന്റെ പ്രധാനഘടകങ്ങൾ. നൂതന സാങ്കേതിക വിദ്യയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും ഘടകങ്ങളായി വേർതിരിച്ച് നാലുപേരുടെ വരെ ജീവൻ രക്ഷിക്കാൻ ഉതകുന്നു.
രക്തദാനത്തിന്റെ പ്രാധാന്യം
അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽനിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം മനുഷ്യരക്തംകൊണ്ടു മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ പുനരേകീകരിക്കുവാൻ കഴിയുകയുള്ളൂ. പരമാവധി 35 ദിവസം വരെ മാത്രമേ രക്തം സൂക്ഷിച്ചുവയ്ക്കാൻ കഴിയൂ. ആയതിനാൽ സന്നദ്ധരക്തദാനം വളരെ പ്രധാനമാണ്.
ഒരിക്കലും രക്തം ദാനം ചെയ്യാൻ പാടില്ലാത്തവരുണ്ടോ?
ഹൃദ്രോഗികൾ, രക്താതിസമ്മർദ്ദം, പ്രമേഹം, മനോരോഗത്തിന് ചികിത്സയിലുള്ളവർ, ചുഴലിരോഗം, അർബുദം, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗബാധിതർ തുടങ്ങിയവർ രക്തം ദാനം ചെയ്യാൻ പാടില്ല.
രക്തദാനം കൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ?
രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവർത്തിയാണ്. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലൂടെ രക്തം ദാനം ചെയ്യുന്നതിന് ഒട്ടും പേടിക്കേണ്ടതില്ല. ഒരാൾ രക്തം ദാനം ചെയ്യുന്പോൾ ശരീരം അതിവേഗം രക്തകോശങ്ങളെ വീണ്ടെടുക്കുന്നതിനാൽ രക്തദാതാവിന് ക്ഷീണമോ പ്രയാസമോ അനുഭവപ്പെടുകയില്ല.
സുരക്ഷിതമായ രക്തം എങ്ങനെ ഉറപ്പാക്കാം?
*കഴിയുന്നതും സന്നദ്ധ രക്തദാതാക്കളിൽ നിന്നു രക്തം സ്വീകരിക്കുക.
*രക്തം രോഗാണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ രോഗികൾക്ക് നൽകാറുള്ളൂ.
രക്തദാനം എവിടെ ചെയ്യണം?
സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്തബാങ്കുകളിൽ രക്തം ദാനം ചെയ്യാം. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്തം ശേഖരിക്കാനും വേണ്ടുന്ന പരിശോധനകൾ നടത്തുവാനും ഗുണമേന്മയുള്ള രക്തം സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്തബാങ്കുകളിലുള്ളത്.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കാൻ നാം എന്തു ചെയ്യണം?
അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ബ്ലഡ് ഡോണർ ഫോറത്തിൽ പേര് രജിസ്റ്റർ ചെയ്ത് രക്തദാന കാർഡ് കൈപ്പറ്റുക.
ആശുപത്രികൾ, ഓഫീസുകൾ, സ്വകാര്യസ്ഥാപനങ്ങൾ, ക്ലബുകൾ തുടങ്ങിയ ഏതൊരു സ്ഥാപനത്തിനും അവരുമായി ബന്ധപ്പെട്ട ദാതാക്കളുടെ മേൽവിലാസം ശേഖരിച്ച് സൂക്ഷിക്കുവാൻ ബ്ലഡ് ഡോണർ ഫോറങ്ങൾ സഹായകം.
സ്ഥിതിവിവര കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു വർഷം നാലുലക്ഷം യൂണിറ്റിന് മുകളിൽ രക്തം ആവശ്യമായി വരുന്നു. എന്നാൽ സന്നദ്ധ ദാതാക്കളിൽ നിന്നും ലഭിക്കുന്നത് താരതമ്യേന കുറവാണ്.
ആവശ്യമായ രക്തം 100% സന്നദ്ധ ദാതാക്കളിൽ നിന്നും ശേഖരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ മഹത് സംരംഭം വിജയിപ്പിക്കുവാനായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.
ശ്രദ്ധിക്കുക
* 18നും 60നും ഇടയിൽ പ്രായമുള്ള മാനസികശാരീരിക ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും രക്തദാനം ചെയ്യാവുന്നതാണ്.
* ഓരോ മൂന്ന് മാസം ഇടവിട്ട് ഒരാൾക്ക് രക്തം ദാനം ചെയ്യാൻ കഴിയും.
* കേരളാ സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി മുൻകൈയെടുത്ത് നടപ്പാക്കുന്ന രക്തദായകരുടെ ഡയറക്ടറിയിൽ പേര് രജിസ്റ്റർ ചെയ്യുവാൻ പേര്, വയസ്, വിലാസം, രക്തഗ്രൂപ്പ് ഇത്യാദി വിവരങ്ങൾ കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, തിരുവനന്തപുരം 695035 എന്ന വിലാസത്തിലോ www.keralablood.com ലോ 1097എന്ന ടോൾഫ്രീ നന്പരിലോ ബന്ധപ്പെടാവുന്നതാണ്.
ഡോ.പ്രശാന്ത്,
മെഡിക്കൽ ഓഫീസർ, പ്രാഥമികാരോഗ്യകേന്ദ്രം,
പാന്പാടുംപാറ, ഇടുക്കി.