നടവയൽ: ചിറ്റാലൂർക്കുന്നിലെ നാലോളം വീടുകളിൽ രക്തക്കറ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പനമരം പോലീസ് രംഗത്ത്. മദ്യലഹരിയിൽ വീടുകളിൽ അതിക്രമിച്ചുകയറിയ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എള്ളക്കാട്ട് കോളനിയിലെ എം.വി. മഹേഷ് (21)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹേഷ് മദ്യലഹരിയിൽ ജനൽചില്ല് തകർത്തപ്പോൾ സംഭവിച്ച കാലിലെ മുറിവാണ് ചോരക്കറകൾക്ക് പിന്നിലെ രഹസ്യമെന്നും പോലീസ്.
പനമരം എസ്ഐ ഉബൈദത്ത്, സിപിഒ ബിനോയി തുടങ്ങിയവരാണ് പ്രതിയെപിടികൂടിയത്.കഴിഞ്ഞയാഴ്ചയാണ് നടവയൽ ഗ്രാമത്തയാകെ ഭീതിയിലാഴ്ത്തിയ സംഭവം നടക്കുന്നത്. നടവയൽ ചിറ്റാലൂർക്കുന്നിലെ പറപ്പള്ളി മത്തായിയുടെ വീട്ടിലാണ് ആദ്യം രക്തക്കറ കാണുന്നത്. വീടിന്റെ മുറ്റത്തും ശുചിമുറിയുടെ പരിസരത്തുമെല്ലാം രക്തക്കറ കണ്ടിരുന്നു.
എന്നാൽ രണ്ട് ദിവസത്തിന് ശേഷം തൊട്ടടുത്ത സ്ഥലത്തെ ചെന്പകശ്ശേരി ഇന്ദിര വിജയന്റെ വീട്ടിലും രക്തം തളംകെട്ടിക്കിടക്കുന്ന നിലയിൽ കാണപ്പെട്ടതോടെ പ്രദേശവാസികൾ ഭയാശങ്കയിലായി. ഇന്ദിരയുടെ വീട് ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. ആ വീട്ടിലാണ് രക്തക്കറ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടുതാഴെയുള്ള കോളനിയിലെ രണ്ട് വീടുകളിലും ചെറിയ രീതിയിൽ രക്തക്കറ കണ്ടെത്തി.
ഈ സംഭവത്തോടെ മത്തായി പനമരം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും വിരലടയാള വിഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃഗരക്തമാണോ മനുഷ്യരക്തമാണോ എന്നകാര്യം തിരിച്ചറിയുന്നതിനായി രക്തത്തിന്റെ സാന്പിൾ ലാബിലേക്കയക്കുകയും ചെയ്തു.
മനുഷ്യരക്തമാണെന്ന് ഉറപ്പായതോടെ പോലീസ് സമീപത്തെ വീടുകളും കോളനികളും അതിലുപരി വിവിധ ആശുപത്രികളും കേന്ദ്രീകരിച്ച് ആന്വേഷണം ഉൗർജ്ജിതമാക്കിയിരുന്നു. മുറിവുകളുമായി ആരെങ്കിലുമുണ്ടോയെന്നുള്ള അന്വേഷണം ഒടുവിൽ എള്ളക്കാട്ട് കോളനിയിലെ മഹേഷിലെത്തി നിൽക്കുകയായിരുന്നു.
ഇന്നലെ മഹേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അന്നേദിവസം ഇന്ദിരയുടെ ആളൊഴിഞ്ഞ വീട്ടിലെത്തി മദ്യം കഴിക്കുകയും അമിതമദ്യലഹരിയിൽ ജനൽചില്ല് കല്ലെടുത്ത് തകർക്കുകയുമായിരുന്നു. തുടർന്ന് ചില്ല് തട്ടി കാൽപാദം മുറിയുകയും ചെയ്തു.
എന്നാൽ മദ്യലഹരിയിലായിരുന്ന മഹേഷ് ഇക്കാര്യം ശ്രദ്ധിക്കാതെ മറ്റ് വീടുകളുടെ പരിസരത്തെല്ലാം കറങ്ങുകയായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ മഹേഷ് പുറത്തിറങ്ങാതെയിരിക്കുകയായിരുന്നു. മഹേഷിനെ വൈദ്യപരിശോധനക്ക് ശേഷം ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തു. വീടുകളിൽ അതിക്രമിച്ച് കയറൽ, പരിസരം മലിനപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് മഹേഷിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ പിടികൂടിയതോടെ പനമരം പോലീസിന്േറയും അതോടൊപ്പം നാട്ടുകാരുടേയും ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.
തുന്പായത് മുറുക്കാൻ പൊതി
നടവയൽ: ചിറ്റാലൂർക്കുന്നിലെ വീടുകളിൽ ചോരക്കറ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് പ്രധാന തെളിവായി ലഭിച്ചത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മുറുക്കാൻ പൊതി. രക്തം വീണ് കിടന്ന സ്ഥലത്ത് തന്നെയാണ് മുറുക്കാൻ പൊതി ലഭിച്ചത്. അന്വേഷണം നടത്തുന്നതിനിടയിലാണ് പോലീസ് വിവിധ കോളനികളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഇതിനിടയിൽ സ്ഥലത്ത് നിന്ന് ലഭിച്ച രക്തം രാസപരിശോധനക്ക് അയക്കുകയും മനുഷ്യ രക്തം തന്നെ എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം ഇയാളെ ചിറ്റാലൂർ കുന്നിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് ഇയാളുടെ രക്തം പരിശോധിക്കാനും കാലിലെ മുറിവിന്റെ പഴക്കം പരിശോധിക്കാനും പോലീസ് കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.