പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെ കുട്ടികളുടെ പാര്‍ക്കിലും 200 മീറ്ററകലെയുള്ള വാടകവീട്ടിലും രക്തം കണ്ടെത്തിയ സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ഊര്‍ജിതം. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച രക്തസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
ഇന്നലെ രാവിലെ ഏഴോടെയാണു സ്റ്റേഡിയത്തിനു സമീപത്തെ കുട്ടികളുടെ പാര്‍ക്കിന്റെ വരാന്തയിലും അവിടെമുതൽ സഹകരണ ആശുപത്രി റോഡിലുള്ള തൃക്കരിപ്പുര്‍ സ്വദേശിയുടെ വാടക വീട്ടില്‍വരെ രക്തം തളം കെട്ടിക്കിടക്കുന്നതു കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഈ വാടക വീടിന്റെ മുറ്റത്തും പോര്‍ച്ചിലും കിണറിന്റെ സമീപത്തും രക്തം കണ്ടതോടെപോലീസ് വിവിധ ആശുപത്രികളില്‍ അന്വേഷണം നടത്തിയിരുന്നു. ഇന്നുവരെ ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാലാണു രക്തസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതെന്നു പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രിജിത്ത് കൊടേരി പറഞ്ഞു.