തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകൻ മരിച്ചു. കല്ലിയൂർ വിവേകാനന്ദനഗർ മുകളൂർമൂല മേലെ തോട്ടത്ത് വിളവീട്ടിൽ കൃഷ്ണകുമാർ (29) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ജനറൽ ഹോസ്പിറ്റലിന് സമീപത്തെ സ്വകാര്യാശുപത്രിയിലായിരുന്നു സംഭവം.
പോലീസ് പറയുന്നത് ഇങ്ങനെ- കൃഷ്ണകുമാറിന്റെ ഭാര്യ ഈ സ്വകാര്യാശുപത്രിയിൽ പ്രസവം കഴിഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്നു.
കൃഷ്ണകുമാറും ഭാര്യയും തമ്മിൽ ഏറെ നാളായി പിണക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം കൃഷ്ണകുമാർ ഭാര്യയെയും കുഞ്ഞിനെയും കാണാൻ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രിയിൽ വച്ച് തർക്കമുണ്ടായതിനെത്തുടർന്ന് ഭാര്യ പിതാവായ ഉദയകുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൃഷ്ണകുമാറിന്റെ ഭാര്യ- അലീന.