രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർദ്ദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അതുസാരമില്ല രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ മതിയെന്നാണു ഡോക്ടർമാർ വരെ പറയാറുള്ളത്. രക്തസമ്മർദ്ദം കൂടുന്നതും കുറയുന്നതും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാവാം. ഒന്നു ശ്രദ്ധിക്കാം.
ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ രക്തം പന്പ് ചെയ്യുന്പോൾ രക്തക്കുഴലിന്റെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണു രക്തസമ്മർദം.ഹൃദയം ചുരുങ്ങുന്പോൾ രക്തസമ്മർദ്ദം 120 മില്ലീമീറ്റർ ഓഫ് മെർക്കുറിയും ഹൃദയം വികസിക്കുന്പോൾ 80 മില്ലീമീറ്റർ ഓഫ് മെർക്കുറിയും കാണുന്നു. സ്ഫിഗ്മോ മാനോമീറ്റർ എന്നാണു രക്ത സമ്മർദം അളക്കുന്ന ഉപകരണത്തിനു പറയുന്ന പേര്.
രക്തസമ്മർദം 90/60 ലും താഴെ വരുന്പോഴാണു ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ഹൈപ്പോടെൻഷൻ കൊണ്ട് നിങ്ങൾക്ക് രോഗലക്ഷണമൊന്നും തോന്നുന്നില്ലങ്കിൽ അതിനെ കാര്യമാക്കണ്ട എന്നാണ്.
രോഗലക്ഷണങ്ങൾ
തലകറക്കം, വീഴാൻ പോകുന്നപോലെ തോന്നൽ
എന്നിവയാകാം ലക്ഷണങ്ങൾ. നില്ക്കുന്പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുനേല്ക്കുന്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണു പ്രശ്നത്തിനെല്ലാം കാരണം. കിടന്നാൽ തലയിലേക്ക് രക്തം ഒഴുകിയെത്തുകയും നാം പൂർവ്വാവസ്ഥയിൽ എത്തുകയും ചെയ്യും.
തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നതിനാലാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നു പറഞ്ഞല്ലോ. അതിനുകാരണങ്ങൾ പലതാവാം. രക്തത്തിന്റെ അളവു കുറഞ്ഞതാകാം, ശരീരത്തിൽ നിന്നു രക്തസ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങൾ ഉണ്ടായാലും ഇങ്ങനെ വരാം. പല വൈറസ് രോഗങ്ങളുടെയും കോംപ്ളിക്കേഷനായി പ്രഷർ കുറഞ്ഞ് അപകടം വരാറുണ്ടല്ലോ.
വെള്ളം കുടിക്കുന്നത് വളരെ കുറഞ്ഞാലും ശരീരത്തിൽ നിന്നു ജലാംശം കൂടുതൽ നഷ്ടപ്പെട്ടാലും പ്രഷർ കുറയാം.
ചില തരം അലർജികൾ, ചില മരുന്നുകൾ, ഹൃദയതകരാറുകൾ കൊണ്ട് പന്പ് ചെയ്യാനുള്ള ശേഷികുറയുന്നതും ഇതിനു കാരണമാകാം. പ്രഷർ കുറഞ്ഞാൽ തലയിലേക്കു മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും.
അത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും വൃക്കയുടെയുമൊക്കെ തകരാറുകൾക്കും കാരണമാകാം.ഷോക്ക് എന്ന ഗുരുതരാവസ്ഥയും പ്രതീക്ഷിക്കാം.ഭക്ഷണ ശേഷം ചിലരിൽ തലകറക്കം കൂടാം.ശരീരത്തിലെ രക്തത്തിന്റെ വലിയൊരു ഭാഗം കുടലിലേക്ക് ഒഴുകുന്നതു കൊണ്ടാണിത്. പ്രമേഹ രോഗികളിലും പാർക്കിൻസൺ രോഗമുള്ളവരിലും ഇങ്ങനെ കാണാറുണ്ട്.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ
ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ
മൊബൈൽ 9447689239 :
[email protected]