കൊട്ടാരക്കര: പുലമൺ കോട്ടപ്പുറത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പുറത്തു നിന്നെത്തിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മറ്റു രണ്ടു പേർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാത്രി പത്തോടെയാണ് സംഘർഷമുണ്ടായത്. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരാണ് അനിഷ്ട സംഭവങ്ങൾക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന.
ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഇന്നലെ വൈകുന്നേരം കുന്നിക്കോട്ട് വെച്ച് ഏറ്റുമുട്ടിയിരുന്നു.ഇതിന്റെ തുടർച്ചയായാണ് രാത്രിയിൽ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടലുണ്ടായത്.
ആശുപത്രിക്കു മുന്നിൽ തുടങ്ങിയ ഏറ്റുമുട്ടൽ ആശുപത്രി വളപ്പിലേക്കും ആശുപത്രിക്കുക്കുള്ളിലേക്കും വ്യാപിക്കുകയായിരുന്നു.
ഓപ്പറേഷൻ തീയറ്ററിനുള്ളിൽ വരെ സംഘട്ടനം നടന്നു.പാറക്കല്ലുകളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങൾ. ആക്രമണത്തിനുപയോഗിച്ച പാറക്കല്ലുകൾ ആശുപത്രിയിലും പരിസരത്തും കിടക്കുന്നുണ്ട്.
ആശുപത്രിക്കുള്ളിൽ രക്തവും തളം കെട്ടി കിടക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാമ്പുചെയ്തു വരുന്നു.
അത്യാസന്ന നിലയിലുള്ള നിരവധി രോഗികൾ ചികിത്സയിലുള്ള ആശുപത്രിയിലാണ് ആംബുലൻസ് മാഫിയകൾ ഏറ്റുമുട്ടിയത്.
ഇരു വിഭാഗങ്ങളിലുമായി ഇരുപതിലധികം പേർ സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു.
രോഗികളെ വലയിലാക്കുന്നതിനെ ചൊല്ലി മുൻപും ആംബുലൻസുകാർ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്.
രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മറ്റാശുപത്രികളിലേക്ക് കൊണ്ടു പോകുന്നതിനും ഒരു മാനദണ്ഡവും പാലിക്കാതെ പകൽക്കൊള്ളയാണ് ഇവർ നടത്തിവരുന്നത്.
ഇന്നലെയുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്ന മുഴുവൻ പേരെയും കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു. സി സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നു.