ചക്കരക്കൽ: ഏഴുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പനയത്താംപറമ്പ് തറമ്മൽ സ്വദേശിനി പ്രമ്യക്കാണ് കഴുത്തിന് വെട്ടേറ്റത്.
ഇന്നലെ വൈകുന്നേരം 4.30 ഓടെ ഭാര്യവീട്ടിൽ വച്ച് ഭർത്താവ് കൂത്തുപറമ്പ് നീർവേലി സ്വദേശി ഷൈനേഷുമായി വാക്കേറ്റമുണ്ടാകുകയും ഇതിനിടെ കൈവശം കരുതിയ കത്തി ഉപയോഗിച്ച് പ്രമ്യയെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നുവത്രെ.
പ്രമ്യയുടെ അമ്മയും മകനും ബഹളം വച്ചതോടെ ഷൈനേഷ് കത്തി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കഴുത്തിന് വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ വിവാഹിതയായിരുന്ന പ്രമ്യയ്ക്ക് ആ ബന്ധത്തിൽ ആറു വയസുള്ള മകനുണ്ട്.
ഈ കുഞ്ഞിനെ ആക്രമിക്കുമെന്ന ആശങ്കയിൽ പ്രമ്യയുടെ അമ്മ കുഞ്ഞിനേയുമെടുത്ത് നിലവിളിച്ച് ഓടിയതായി അയൽവാസികൾ പറഞ്ഞു.
ഗർഭിണിയായ പ്രമ്യയെ പ്രസവത്തിനായി സംഭവത്തിന് മണിക്കൂറുകൾ മുന്പാണ് ഷൈനേഷിന്റെ അമ്മ വീട്ടിൽ കൊണ്ടാക്കിയത്. സ്വന്തം അമ്മ തിരിച്ചുപോയ സമയത്താണ് ഷൈനേഷ് പനയത്താംപറന്പിലെ വീട്ടിലെത്തുന്നത്.
ഈ സമയം ഷൈനേഷ് മദ്യപിച്ചിരുന്നതായും പറയുന്നു. ബംഗളൂരുവിൽ ബേക്കറി ജീവനക്കാരനാണ് ഷൈനേഷ്. പരിക്കേറ്റ പ്രമ്യ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞ് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.