വാഷിംങ്ടൺ: ബഹിരാകാശത്ത് ഒരുക്കിയ പൂന്തോട്ടത്തിൽ പൂവ് വിരിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഇതളുകളോടു കൂടിയ സിന്നിയ പൂവാണ് വിരിഞ്ഞത്.
ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾ നടത്തുന്ന നാസ, തങ്ങളുടെ ഇൻസ്റ്റ പേജിലൂടെയാണ് ഈ സന്തോഷ വാർത്ത ചിത്രം സഹിതം പങ്കുവച്ചിരിക്കുന്നത്.
2015ല്‍ തുടങ്ങിയ ഒരു പ്രോജക്ടിന്റെ ഭാഗമായി ബഹിരാകാശത്ത് ഉണ്ടാക്കിയ ഗാര്‍ഡനിലാണ് പൂവ് വിരിഞ്ഞത്. ബഹിരാകാശ യാത്രികനും ഗവേഷകനുമായ ജെല്‍ ലിൻഗ്രെന്റെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള പ്രവർത്തനങ്ങൾ.
ലെറ്റൂസ്, തക്കാളി, മുളക് എന്നിവയെല്ലാം ബഹിരാകാശത്ത് മുളപ്പിച്ചെടുത്തതിന്റെ വിവരങ്ങൾ നാസ മുൻപ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൂവ് വിരിഞ്ഞെന്ന വാർത്ത.
നാസ പങ്കുവച്ച പൂവിന്റെ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ ചിത്രത്തില്‍ പൂവിന് പിന്നിലായി ഭൂമിയുടെ ഒരു ഭാഗവും കാണാം.
താഴെ കറുപ്പ് നിറത്തില്‍ ബഹിരാകാശത്തിന്റെ ഭാഗവും. ലക്ഷക്കണക്കിനാളുകളാണ് നാസ പങ്കുവച്ച ഫോട്ടോയ്ക്ക് പ്രതികരണങ്ങള്‍ അറിയിക്കുന്നത്.