പയ്യന്നൂര്‍: ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ ജ്യോതിശാസ്ത്രജ്ഞൻമാരൊന്നും കണ്ടിട്ടില്ലാത്ത പ്രപഞ്ച വിസ്മയത്തിനാണ് 31ന് നമ്മള് സാക്ഷികളാവുന്നതെന്ന് പ്രമുഖ ജ്യോതിഷ പണ്ഡിതന് പയ്യന്നൂരിലെ ശശിധരപൊതുവാള്. മറ്റെന്തെല്ലാം മറന്നാലും 31ന് വൈകുന്നേരം 6.21 മുതല്‍ രാത്രി 7.37 വരെ ആകാശത്ത് നോക്കാന്‍ മറക്കരുതെന്നും അദ്ദേഹം പറയുന്നു. കാരണം ശാസ്ത്രലോകം ബ്ലൂ ബ്ലഡ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്ന അത്ഭുത പ്രതിഭാസം നേരിട്ടു കാണാന്‍ കഴിയുന്ന അസുലഭ നിമിഷങ്ങളാണത്.
ഒരു കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് ബ്ലൂ മൂണ്‍ എന്നത്. ബ്ലൂ മൂണിന് ചന്ദ്രന്റെ നിറവുമായി ബന്ധമൊന്നുമില്ല. ബ്ലൂമൂണ്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ദീര്‍ഘവൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രന് ഇതിലൂടെ കടന്നുപോകും. ഈ ഭ്രമണത്തിനിടയില്‍ ചന്ദ്രന് ഭൂമിയുടെ അടുത്തെത്തുമ്പോള്‍ അത്യപൂര്‍വമായി വെളുത്ത വാവ് സംഭവിച്ചാല്‍ അതിനെ ശാസ്ത്രലോകം പറയുന്ന പേരാണ് സൂപ്പര്‍മൂണ്‍.
ഈസമയം ചന്ദ്രന്റെ വലുപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും. ബ്ലഡ് മൂണ്‍ ഗ്രഹണ സമയത്ത് ഭൂമി പൂര്‍ണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തില്‍വച്ച് സൂര്യരശ്മികള്ക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശ കിരണങ്ങള്‍ ചന്ദ്രനില്‍ പതിക്കും. ഇതിനുശേഷം പ്രതിഫലിക്കുന്ന കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗ ദൈര്‍ഘ്യം കുറഞ്ഞ വര്ണരാശികള്ക്ക് വിസരണം സംഭവിക്കുകയും ചെയ്യും.
ഇതിനാല്‍ തരംഗദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വര്‍ണങ്ങള്‍ മാത്രമേ നിരീക്ഷകന് കാണാന്‍ സാധിക്കുകയുള്ളു. ചുരുക്കത്തില്‍ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോരപോലെ ചുവപ്പായിരിക്കും. ഭൂമിക്ക് അന്തരീക്ഷമുള്ളതിനാല്‍ ഗ്രഹണസമയത്ത് ചന്ദ്രനില്‍ നിഴലുകള്‍ വീഴും. നിഴലിന്റെ കട്ടികൂടിയ ഭാഗത്തിന് അംബ്ര എന്നും കട്ടികുറഞ്ഞ ഭാഗത്തിന് പെനംബ്ര എന്നുമാണ് വിളിക്കുന്നത്.
അംബ്രക്ക് കാരണമാകുന്ന ഭൂമിയുടെ ഭാഗത്തു നിന്ന് നോക്കുന്നയാള്‍ക്ക് പൂര്‍ണ ചന്ദ്രഗ്രഹണവും പെനംബ്രക്ക് കാരണമാകുന്ന പ്രദേശത്ത് നിന്ന് നോക്കുന്നയാള്‍ക്ക് ഭാഗിക ചന്ദ്രഗ്രഹണവുമാണ് ദൃശ്യമാകുന്നത്.ബ്ലൂമൂണും സൂപ്പര്‍ മൂണും പൂര്‍ണചന്ദ്രഗ്രഹണവും ഒരുമിച്ച് സംഭവിക്കുന്നുവെന്നതാണ് 31ന്റെ പ്രപഞ്ച വിസ്മയത്തിന്റെ പ്രസക്തി.1866ലാണ് ഇത്തരമൊരു പ്രതിഭാസം മുമ്പുണ്ടായത്.