തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലായ 2375.53 അടിയിലെത്തിയതിനെ തുടർന്നാണ് നടപടി.
ഇതോടൊപ്പം ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിൽ കെഎസ്ഇബിയുടെ കണ്ട്രോൾ റൂമും തുറന്നു. ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.
ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2376 അടിയാണ്. സംഭരണ ശേഷിയുടെ 69.56 ശതമാനമാണിത്. പദ്ധതി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മുല്ലപ്പെരിയാറിൽജലനിരപ്പ് 134.90 അടി
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തി. മുല്ലപ്പെരിയാറിൽ നിന്നു കൊണ്ടുപോകുന്ന വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70 അടിക്ക് മുകളിലെത്തിയതോടെ ഷട്ടറുകൾ തുറന്നു.
ഏഴു ഷട്ടറുകൾ തുറന്ന് സെക്കന്റിൽ 1190 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.