മൂലമറ്റം: അനഘയുടെ ജീവന്‍ രക്ഷിക്കാനായി ബസ് ഉടമയും ജീവനക്കാരും. മൂലമറ്റം തൊടുപുഴ റോഡില്‍ സര്‍വീസ് നടത്തുന്ന ബ്ലൂഹില്‍ ബസ് ഉടമയും ജീവനക്കാരുമാണ് പിക്കപ്പ് ജീപ്പ് ശരീരത്തിലൂടെ കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി ആശുപത്രി ഐസിയുവില്‍ കഴിയുന്ന അനഘയ്ക്കു വേണ്ടി തങ്ങളുടെ ഒരുദിവസത്തെ വരുമാനം മാറ്റിവച്ചത്.
ബസില്‍ ടിക്കറ്റ് നല്‍കാതെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഇഷ്ടമുള്ള തുക ഇടാവുന്ന വിധത്തില്‍ രണ്ടു ബക്കറ്റുകള്‍ വച്ചിരിക്കുകയാണ.് .ഗവ. ഹൈസ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയും നിര്‍ധന കുടുംബത്തില്‍ പെട്ടതുമായ അനഘ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് വീട്ടിലേക്കു പോകുന്നതിനായി ബസ് സ്‌റ്റോപ്പിലേക്ക് നടന്നു പോകുംവഴി നിയന്ത്രണം വിട്ടു വന്ന പിക്കപ്പ് ജീപ്പ് ഇടിച്ചു വീഴ്ത്തി ദേഹത്തു കൂടെ കയറി ഇറങ്ങുകയായിരുന്നു. അനഘയ്ക്ക് മൂന്ന് ഓപ്പറേഷനുകള്‍ നടന്നു കഴിഞ്ഞു. സംഭാവനകള്‍ക്കുപുറമെ പിരിവെടുത്തും കടംവാങ്ങിയുമാണ് ഇതിനുള്ള പണം നല്‍കിയത്.
ഇനിയും ഓപ്പറേഷനുകള്‍ അത്യാവശ്യമാണ്. ഭീമമായ ആശുപത്രി ചെലവും ഓപ്പറേഷന്‍ തുകയും നിര്‍ധന കുടുംബത്തില്‍പെട്ട ഇവര്‍ക്ക് താങ്ങാനാവുന്നതല്ല. അതിനാലാണ് ബ്ലൂഹില്‍ ബസ് ഉടമകളായ ജോബി സി. സാം, ഡെന്നീസ്, ജീവനക്കാരായ മധു, മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് തങ്ങളുടെ ഒരുദിവസത്തെ വരുമാനം ഈ കുട്ടിയുടെ ആശുപത്രി ചെലവിനായി നല്‍കാന്‍ തീരുമാനിച്ചത്. ഇവരോടൊപ്പം മൂലമറ്റം ടൗണിലെ മൂന്ന് ഓട്ടോ തൊഴിലാളികളും സഹായത്തിനുണ്ട്. വൈകുന്നേരം വരെയുള്ള മുഴുവന്‍ ട്രിപ്പും ബസ് ഓടിക്കുകയും തുക സമാഹരിക്കുകയുമായിരുന്നു.