കൊച്ചി: രാജ്യാന്തര അവയവക്കടത്തില്‍ പങ്കാളിയായ ഇറാനിലുള്ള മലയാളിക്കായി അന്വേഷണ സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന.
ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. കേസില്‍ പങ്കാളിയായ മറ്റൊരു ഹൈദരാബാദ് സ്വദേശിക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതികള്‍ നാല് പേരാണ്. ഇതില്‍ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്.
കസ്റ്റഡി അപേക്ഷ ഇന്ന്
അതിനിടെ, രാജ്യാന്തര അവയവ കടത്തിന് അറസ്റ്റിലായ പ്രതി സജിത്ത് ശ്യാമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും. ഒന്നാം പ്രതി സാബിത്ത് നാസറിനൊപ്പമിരുത്തി ഇയാളെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
തമിഴ്നാട്, ഹൈദരാബാദ്കേന്ദ്രീകരിച്ച് അന്വേഷണം
കേസില്‍ അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവില്‍ തമിഴ്നാട്, ഹൈദരാബാദ് എന്നിവിടങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.
കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് റൂറല്‍ എസ്പി വൈഭവ് സക്സേന അറിയിച്ചിരുന്നു. ഓരോ ഇടപാടിലും പ്രതികള്‍ 20 മുതല്‍ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തല്‍. 5 വര്‍ഷം നടത്തിയ ഇടപാടില്‍ പ്രതികള്‍ 4 മുതല്‍ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ തെറ്റിധരിപ്പിച്ചിച്ച് വിദേശത്തേക്ക് കയറ്റിയയച്ചായിരുന്നു പ്രതികള്‍ അവയവക്കച്ചവടം നടത്തിയത്. സാബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്.
രാജ്യാന്തര അവയവക്കച്ചവട റാക്കറ്റില്‍പ്പെട്ടയാള്‍ നേരത്തെ മുംബൈയില്‍ പിടിയിലായതോടെയാണ് മലയാളിയായ സാബിത്ത് നാസര്‍ പിടിയിലാകുന്നത്. കൊച്ചി, കുവൈറ്റ്, ഇറാന് റൂട്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശേരിയില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ് പിടികൂടിയത്. എന്‍ഐഎയും ഐബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു.