ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം. സൂപ്പര്‍ മൂണിനെയും ബ്ലൂ മൂണിനെയും ഇന്ന് ആകാശത്തു കാണാം. ഇന്ന് രാത്രി മുതല്‍ മൂന്നു ദിവസത്തേക്ക് തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഈ പ്രതിഭാസം കാണാനാകുക.
ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന് കൂടുതല്‍ അടുത്തു നില്ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. നാലു പൂര്‍ണ ചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍.
സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണിത്. രണ്ടു കാര്യങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് സൂപ്പര്‍ മൂണ്‍- ബ്ലൂ മൂണ്‍ പ്രതിഭാസമെന്ന് വിളിക്കുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുണ്ടെന്നാണ് നാസയുടെ വെളിപ്പെടുത്തല്‍.
സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ടു പ്രതിഭാസവും ചേര്‍ന്നു വരുന്നത് അപൂര്‍വമായാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 2037 ജനുവരിയിലായാരിക്കും അടുത്ത സൂപ്പര്‍ മൂണ്‍ ബ്ലൂ മൂണ്‍.
2027 ലാണ് അടുത്ത സീസണല്‍ ബ്ലൂ മൂണ്‍ ദൃശ്യമാകുക. ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂണെന്ന് വിളിക്കുന്നത്. ബ്ലൂ മൂണിന് നീല നിറവുമായി വലിയ ബന്ധമില്ല. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ചന്ദ്രന് നീലനിറത്തില്‍ കാണപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സൂപ്പര്‍, ബ്ലൂ മൂണ്‍ നീലയായിരിക്കില്ല.