എഡിൻബറോ (സ്കോട്ട്ലൻഡ്): ഏകദേശം 200 വർഷം മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ നിഗൂഢരഹസ്യം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രജ്ഞർ. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണു ദീർഘകാലമായി ഉത്തരംകിട്ടാത്ത പ്രതിഭാസത്തിന്റെ രഹസ്യം പുറത്തുവിട്ടത്.
1831ൽ സംഭവിച്ച വൻ അഗ്നിപർവത സ്ഫോടനമാണു സൂര്യന്റെ നിറം നീലയാകാൻ കാരണമെന്നു പഠനം പറയുന്നു. സ്ഫോടനത്തിനുശേഷം അന്തരീക്ഷത്തിലേക്കു വൻതോതിൽ സൾഫർ ഡയോക്സൈഡ് എത്താൻ കാരണമായി. ഇത് ആഗോളശൈത്യത്തിനു കാരണമാവുകയും ആ വർഷം ഭൂമിയിൽ വിചിത്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതു സൂര്യന്റെ നിറം മാറി കാണാൻ കാരണമായെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
റഷ്യയും ജപ്പാനും തമ്മിലുള്ള തർക്കപ്രദേശമായ സിമുഷിർ എന്ന ദ്വീപിലെ സവാരിറ്റ്സ്കി അഗ്നിപർവതമാണ് അന്നു പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്ന ദ്വീപ് ജനവാസമേഖലയിൽനിന്നു വിദൂരത്തായതിനാൽ നേരിട്ടു നിരീക്ഷിച്ചതിന്റെ രേഖകളൊന്നുമില്ലായിരുന്നു.
എന്നാൽ, അഗ്നിപർവതത്തിൽനിന്നുള്ള സാന്പിളുകൾ ലാബിൽ വിശകലനം ചെയ്തപ്പോൾ 1831ലെ വേനൽക്കാലത്തുണ്ടായ വന്പൻ സ്ഫോടനത്തിന്റെ കൃത്യമായ സമയം ഉൾപ്പെടെ ലഭിച്ചു.
ആഗോള ആഘാതം സൃഷ്ടിച്ച ഒന്നിലേറെ സ്ഫോടനങ്ങൾ അന്നുണ്ടായെന്നു പറയുന്നു. ഈ നൂറ്റാണ്ടിൽ ജീവനു ഭീഷണിയാകുന്ന സമാനമായ അഗ്നിപർവത സ്ഫോടനം നടക്കാൻ ആറിലൊന്നു സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പഠനം നൽകുന്നു.