തൃപ്രയാർ (തൃശൂർ): പ്രഥമ പ്രഫഷണൽ വോളിബോൾ ലീഗിലെ ചരിത്ര നിയോഗത്തിലാണ് ബ്ലൂ സ്പൈക്കേഴ്സ് കൊച്ചിൻ. നാളെ കൊച്ചി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പ്രഥമ പ്രോ വോളി ലീഗിന്റെ ഉദ്ഘാട മത്സരത്തിനിറങ്ങാനുള്ള ചരിത്രനിയോഗമാണ് കൊച്ചിൻ ബ്ലൂ സ്പൈക്കേഴ്സിന്. മുംബൈയിൽനിന്നുള്ള യു മുംബ വോളിയാണ് എതിരാളികൾ.
മുത്തൂറ്റ് ഗ്രൂപ്പ് സ്പോണ്സർ ചെയ്യുന്ന ബ്ലൂ സ്പൈക്കേഴ്സ് കൊച്ചിൻ ടീം പ്രഫഷണൽ കളിക്കാരുടെ മികച്ച ഒരു സംഘമാണ്. സാഫ് ഗെയിംസിലെ മിന്നുംതാരമായിരുന്ന തൃശൂർ അന്തിക്കാട് സ്വദേശി ടി.സി. ജ്യോതിഷാണ് പരിശീലകൻ.
വോളിബോളിന്റെ പ്രഫഷണൽ സാധ്യതകളും മികവുകളുമറിയുന്ന ജ്യോതിഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ പത്തുദിവസത്തിലേറെയായി തൃശൂർ തൃപ്രയാറിലെ ടിഎസ്ജിഎ സ്റ്റേഡിയത്തിൽ ബ്ലൂ സ്പൈക്കേഴ്സ് പരിശീലനത്തിലാണ്. ചുരുങ്ങിയ ദിവസങ്ങളാണ് പരിശീലനത്തിനുള്ളതെങ്കിലും ആ സമയം വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
ഒളിന്പിക്സ് മെഡൽ ജേതാവും അമേരിക്കൻ താരവുമായ ഡേവിഡ് ലീ, സ്ലോവാക്യൻ താരം ആന്ദ്രെജ് പടുക്ക് എന്നിവരും എത്തിയതോടെ പരീശലന ക്യാന്പിനു മൊത്തം പ്രഫഷണൽ മികവ് കൈവന്നു. റഷ്യ, ഫ്രാൻസ്, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തു മികവു തെളിയിച്ചവരാണ് ഇരുവരും.
ഇന്ത്യൻ ടീമിനെ നയിച്ചിരുന്ന തമിഴ്നാട് സ്വദേശി മോഹൻ ഉക്രപാണ്ഡ്യനാണ് ക്യാപ്റ്റൻ. തമിഴ്നാട് സംസ്ഥാന ടീം, ഡിപ്പാർട്ട്മെന്റ് ടീം എന്നിവയുടെയും ക്യാപ്റ്റനായ ഉക്രപാണ്ഡ്യൻ മികച്ച സെറ്ററാണ്.
ബ്ലോക്കറായ കെഎസ്ഇബിയിലെ മുജീബ്, യൂണിവേഴ്സലായ റെയിൽവേയിലെ മനു ജോസഫ്, അറ്റാക്കറായ ബിപിസിഎലിലെ പി. രോഹിത് എന്നിവരാണ് ടീമിലെ മലയാളിതാരങ്ങൾ. പോണ്ടിച്ചേരിയിലെ എസ്. പ്രഭാകരൻ, രാജസ്ഥാനിലെ സുരേഷ് കൊയ്രവൾ, തമിഴ്നാടിന്റെ കെ. പ്രവീണ് കുമാർ, കർണാടകയിലെ ഹരിപ്രസാദ് എന്നിവരാണ് മറ്റു കളിക്കാർ. യുപിയിലെ അക്കൂർ സിംഗ്, ബംഗാളിലെ സുജോയ് ദത്ത് എന്നിവർ അണ്ടർ 21 വിഭാഗത്തിന്റെ പ്രതിനിധികളാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെക്കുറിച്ച് മുൻവിധികളൊന്നുമില്ലെന്നു പറഞ്ഞ പരിശീലകൻ ജ്യോതിഷ്, ടീം കരുത്തുറ്റതാണെന്നു വ്യക്തമാക്കി. എല്ലാ ടീമുകളും കരുത്തരെത്തന്നെയാണ് രംഗത്തിറക്കുന്നത്. ടീം മികച്ച കളിക്കാരെക്കൊണ്ട് സന്പന്നമാണെന്നും മികവാർന്ന മത്സരം കാഴ്ചവയ്ക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രോ വോളി ലീഗിനു മുന്നോടിയായി നടന്ന സൗഹൃദ പ്രദർശന മത്സരത്തിൽ കൊച്ചിൻ ബ്ലൂ സ്പൈക്കേഴ്സ് വിജയം നേടിയിരുന്നു. അഞ്ചുസെറ്റ് നീണ്ട മത്സരത്തിൽ ഒന്നിനെതിരേ നാലു സെറ്റുകൾക്കാണ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയത്.
എ.ജെ. വിൻസൻ