പാരീസ് നഗരം ശനിയാഴ്ച ഉണർന്നത് ഒരു അത്ഭുതവാർത്ത കേട്ടാണ്. സെയ്ൻ നദിയുടെ തീരത്ത് അൻപതടി നീളമുള്ള ഒരു തിമിംഗലം ചത്തടിഞ്ഞിരിക്കുന്നു. കേട്ടവർ നദീതീരത്തേക്കോടി. കടലിൽ മാത്രം ജീവിക്കാൻ കഴിയുന്ന തിമിംഗലം എങ്ങനെ ഒരു ശുദ്ധജലനദിയിൽ എത്തി എന്ന് എല്ലാവരും അദ്ഭുതപ്പെട്ടു.
കടലിൽനിന്ന് എങ്ങനെയോ വഴിതെറ്റി നദിയിലെത്തിയ തിംമിംഗലം ശുദ്ധജലത്തിൽ ജീവിക്കാനാകാതെ ചത്തടിഞ്ഞതാവാം എന്ന് എല്ലാവരും വിചാരിച്ചു. എന്നാൽ, അതൊരു കലാസൃഷ്ടിയാണെന്നറിഞ്ഞപ്പോഴാണ് അവർക്കു സമാധാനമായത്. ഒരു ബെൽജിയം കലാ കൂട്ടായ്മയായ ക്യാപ്റ്റൻ ബൂമർ കളക്ടീവാണ് സെയ്ൻ നദിക്കരയിൽ തിമിംഗലത്തെ ആവിഷ്കരിച്ചത്. മനുഷ്യന്റെ കടന്നുകയറ്റം മൂലം തിമിംഗലങ്ങൾക്കു വംശനാശമുണ്ടാകുന്നതിനെപ്പറ്റി ബോധവത്കരണം നടത്തുന്നതിനായിരുന്നു ഈ നീക്കം.