ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേരുടെ ജീവന്‍ ബ്ലൂവെയ്ല്‍ എന്ന കൊലയാളി ഗെയിം കവര്‍ന്നെടുത്തിട്ടുണ്ടെങ്കിലും, തിരുവനന്തപുരത്ത് മലയാളി വിദ്യാര്‍ത്ഥി മരിച്ചത് ബ്ലൂവെയ്ല്‍ ഗെയിമിന്റെ സ്വാധീനത്താലാണെന്നത് മലയാളികളെ ഞെട്ടിച്ചു. മരണത്തിനു മുന്‍പുള്ള മാസങ്ങളില്‍ മനോജിന്റെ പ്രവര്‍ത്തികള്‍ ദുരൂഹമായിരുന്നുവെന്ന് അമ്മ അനു പറയുന്നു. ഇത്തരത്തില്‍ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിര്‍ദേശങ്ങള്‍ വായിച്ചു നോക്കിയാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും മകന്‍ പറഞ്ഞത് അനുവിന് ഓര്‍മയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ് ഇവര്‍ സംശയിക്കുന്നത്. നവംബറിനു ശേഷം മനോജിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരുന്നുവെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബ്ലൂ വെയില്‍ ഗെയിമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുകയും ഗെയിമിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കുകയും ചെയ്തപ്പോഴാണ് മകന്റെ മരണത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്. ഒറ്റയ്ക്ക് ഒരിടത്തും പോകാറില്ലാത്ത മനോജില്‍ ചില മാറ്റങ്ങള്‍ വന്നതായി അനു ഓര്‍ക്കുന്നു. സിനിമകള്‍ക്ക് പോയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. എന്നാല്‍, ഇതു കള്ളമാണെന്ന് പിന്നീടു മനസിലായി. സെമിത്തേരികളിലേക്കായിരുന്നു ഈ രാത്രി യാത്രകളത്രെ. ചോദിച്ചപ്പോള്‍, അവിടെ നെഗറ്റീവ് എനര്‍ജിയാണോ പോസിറ്റീവ് എനര്‍ജിയാണോ ഉള്ളത് എന്നു നോക്കാനാണ് പോയത് എന്നായിരുന്നു മറുപടി. പ്രേത സിനിമകള്‍ കാണുന്നതും മരണ വീടുകളില്‍ പോകുന്നതും മനോജ് പതിവാക്കിയിരുന്നു.
ഇടക്കാലത്ത് കടല്‍ കാണാന്‍ ശംഖുമുഖത്ത് പോയതും അനു ഓര്‍ക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ജനുവരിയില്‍ കയ്യില്‍ കോമ്പസു കൊണ്ട് ‘എബിഐ’ എന്നു മുദ്രകുത്തി. ഒറ്റയ്ക്ക് സാധിക്കാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്യിച്ചത്. നീന്തല്‍ അറിയാത്ത മനോജ് പുഴയിലെ ചുഴിയുള്ള ഭാഗത്ത് ചാടുകയും അതിന്റെ വീഡിയോ സുഹൃത്തിനെക്കൊണ്ട് മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒന്‍പതു മാസത്തിനിടെ വീട്ടുകാരുമായി അകലുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് മനോജ് ഉറങ്ങിയിരുന്നത്. എഴുന്നേല്‍ക്കുമ്പോള്‍ രാവിലെ 11 കഴിയും. എന്താണ് വൈകുന്നത് എന്നു ചോദിച്ചാല്‍, രാത്രി ചാറ്റ് ചെയ്യുകയായിരുന്നു എന്ന മറുപടിയാണ് ലഭിക്കുക.
ഇതേക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ കൂട്ടുകാരോടല്ല സംസാരിച്ചിരുന്നതെന്ന് വ്യക്തമായി. ഈ സമയമത്രയും മനോജ് ഫോണില്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ സംശയിക്കുന്നത്. സുഹൃത്തുക്കളോട് മനോജ് ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെന്നും അനു പറയുന്നു. ഞാന്‍ മരിച്ചു പോയാല്‍ അമ്മയ്ക്ക് വിഷമം ഉണ്ടാകുമോ എന്ന് ഇടയ്ക്ക് അന്വേഷിച്ചിരുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചു. ഞാന്‍ പോയാലും അനിയത്തിയെ സ്‌നേഹിക്കണമെന്നും പറഞ്ഞു. മാതാപിതാക്കളുടെ അതീവ ശ്രദ്ധയിലൂടെ മാത്രമേ കുട്ടികളെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനാവുകയുള്ളു എന്ന് കണ്ണീരിന്റെ അകമ്പടിയോടെ ഈയമ്മ ഓര്‍മ്മപ്പെടുത്തുന്നു.