ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇര കേരളത്തിലും.തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചത് ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചാണെന്ന് മാതാവ് തന്നെ വെളിപ്പെടുത്തി. പ്രമുഖ വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈ 26നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ ്(16) ജീവനൊടുക്കിയത്. ഒന്‍പത് മാസം മുന്‍പാണ് വിദ്യാര്‍ഥി ഫോണില്‍ കൊലയാളി ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നത്. അതുവരെ എല്ലാവരോടും ഇടപെട്ടിരുന്ന വിദ്യാര്‍ഥി പിന്നീട് ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങി. അമ്മയോട് മാത്രമായി സംസാരം ഒതുങ്ങുകയായിരുന്നു. രാപകലുകള്‍ അവന്‍ കൊലയാളി ഗെയിമിന്‍റെ പിന്നാലെയായി.
ഗെയിമിലെ ടാസ്കുകള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥി നിരവധി കാര്യങ്ങള്‍ ചെയ്തുവെന്നും വ്യക്തമായി. ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത വിദ്യാര്‍ഥി കൊലയാളി ഗെയിമിലെ ടാസ്കുകള്‍ പൂര്‍ത്തിയാക്കാന്‍ ശംഖുമുഖത്ത് കടല്‍ കാണാനും കോട്ടയത്തേയ്ക്കും പോയി. നീന്തല്‍ അറിയില്ലാഞ്ഞിട്ടും പുഴയില്‍ ആഴമുള്ള ഭാഗത്ത് ചാടി. ഇതിന്‍റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെക്കൊണ്ട് ഫോണില്‍ പകര്‍ത്തി. കൈയില്‍ ആയുധം ഉപയോഗിച്ച് മുറിവുണ്ടാക്കി. രാത്രികാലങ്ങളില്‍ സെമിത്തേരിയില്‍ പോയി. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവിടെ എന്ത് തരം എനര്‍ജിയാണെന്ന് മനസിലാക്കാനാണ് പോയതെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. പ്രേതസിനിമകള്‍ കാണുന്നതും പതിവായിരുന്നു.
ഗെയിമിന്റെ അടിമയായി മാറിയ വിദ്യാര്‍ഥി കഴിഞ്ഞ നവംബറില്‍ ആത്മഹത്യ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചുവെന്ന് അമ്മ വെളിപ്പെടുത്തി. താന്‍ മരിച്ചാല്‍ വിഷമമാകുമോ എന്ന് വിദ്യാര്‍ഥി അമ്മയോട് ചോദിച്ചു. മരിച്ചുപോയാല്‍ തന്റെ സ്‌നേഹം കൂടി സഹോദരിക്ക് നല്‍കണമെന്നും മാതാവിനോട് പറഞ്ഞു. മകനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മാതാവ് ശ്രമിച്ചപ്പോഴെല്ലാം ഗെയിം ഉപേക്ഷിച്ചുവെന്നായിരുന്നു വിദ്യാര്‍ഥി പറഞ്ഞിരുന്നത്. എന്നാല്‍ ഗെയിമിന് അടിമയായി അവന്‍ സ്വയം മരണം വരിക്കുകയായിരുന്നു.
മരിക്കുന്നതിന് തലേ ദിവസം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്ന വിവരം സ്ക്രീന്‍ഷോട്ടെടുത്ത് മനോജ് ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതായിരുന്നു മനോജിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്. ഗെയിമിന്റെ ഭാഗമായി വിവരങ്ങള്‍ കൈമാറിയപ്പോള്‍ ഇത് ലഭിച്ചആരോ ആണ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോൾ വിദ്യാർഥി ഗെയിം കളിച്ചിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഫോണ്‍ സൈബർ പോലീസിന് കൈമാറി.