മുക്കം: ജില്ലയിലെ പുഴകളിൽ ബ്ലൂ ഗ്രീൻ ആൽഗ പടരുമ്പോഴും കണ്ടില്ലെന്നു നടിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. ജില്ലയിൽ കടുത്ത ജലക്ഷാമവും വരൾച്ചയും അനുഭവപ്പെടുന്നതിനിടയിൽ പുഴകളിൽ ബ്ലൂ ഗ്രീൻ ആൽഗകൾ നിറയുന്നത് ജനങ്ങളിൽ ആശങ്ക പടർത്തിയിട്ടും ഉത്തരവാദിത്തപ്പെട്ടവർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ചാലിയാർ പുഴയിൽ ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിധ്യം കണ്ടെത്തിയ ഉടൻ തന്നെ മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ദ്രുതഗതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പുഴയെ ആശ്രയിച്ച് കഴിയുന്ന ജനങ്ങൾക്ക് മറ്റു വഴികളിലൂടെ ജല വിതരണം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ കോഴിക്കോട് ജില്ലയിലെ ഇരുവഴിഞ്ഞിപ്പുഴയിലടക്കം ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും ജില്ലാ ഭരണകൂടത്തിനോ ആരോഗ്യവകുപ്പിനോ മിണ്ടാട്ടമില്ല. ഇരുവഴിഞ്ഞിപ്പുഴയിലെ ആൽഗയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് കോഴിക്കോട് സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ സ്ഥലത്തെത്തി പുഴയിലെ ജലം പരിശോധിച്ചത്.
ചാലിയാറിൽ ആൽഗയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പുഴയുടെ തീരത്തുള്ള കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഇടപെട്ട് നിർത്തി വെപ്പിച്ചിരുന്നു. ഇതു മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനവും അവർ ഒരുക്കിയിരുന്നു.
എന്നാൽ ഇരുവഴിഞ്ഞിപ്പുഴയിൽ അടക്കം അവയുടെ സാന്നിധ്യം കണ്ടെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പുഴയുമായി ബന്ധപ്പെട്ട കുടിവെള്ള പദ്ധതികളോ ജലസേചന പദ്ധതികളോ നിർത്തിവയ്ക്കാനോ ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണങ്ങൾ നൽകാനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.
ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, ഗ്രാമപഞ്ചായത്തുകളിൽ നിരവധി പമ്പിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴും ജനങ്ങൾ ഇതിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ചൊറിച്ചില്‍ , കണ്ണിനു രോഗം, ഛര്‍ദി, ഓക്കാനം, പേശികള്‍ക്ക് ബലം കുറയുക എന്നിവയാണ് ആൽഗ കലർന്ന വെള്ളം ഉപയോഗിച്ചാലുണ്ടാകുന്ന രോഗങ്ങള്‍.
അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ഇപ്പോഴും ഈ ഭാഗങ്ങളിൽ കുളിക്കാനും അലക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പുഴയിൽ ഇറങ്ങാറുണ്ട്. പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെട്ടതും വ്യാപകമായ രീതിയിലുള്ള മാലിന്യ നിക്ഷേപവുമാണ് വിഷ പായലുകൾ നിറയാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രതിരോധിക്കാനുള്ള മാർഗ്ഗം പോലും ആരോഗ്യ വകുപ്പ് ജില്ലാ ഭരണകൂടമോ ഇതുവരെ ആവിഷ്കരിച്ചിട്ടില്ല.