തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളെടുത്ത അധ്യാപികമാരെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചതിൽ അധികവും വിദ്യാർഥികളാണെന്ന് വിവരം.
ബ്ലൂ ടീച്ചർ ആർമി എന്ന പേരിൽ സമൂഹ മാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ സൈബർ പോലീസ് പരിശോധിക്കും. സംഭവത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിക്കുകയായിരുന്നു.
അധ്യാപികമാരെ അധിക്ഷേപിച്ച പല ഗ്രൂപ്പുകളുടെയും അഡ്മിന്മാർ വിദ്യാർഥികളാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് അതീവ രഹസ്യമായാണ് പോലീസ് നടപടികൾ പുരോഗമിക്കുന്നത്.
ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അൻവർ സാദത് നല്കിയ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ കേരള വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
സ്കൂൾ കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴിയാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. അധ്യാപികമാരുടെ ക്ലാസുകൾക്ക് അനുകൂലമായ പ്രതികരണവും ലഭിച്ചു.
എന്നാൽ ചിലർ അധ്യാപികമാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കുകയും ചില ഫോട്ടോകൾ അശ്ലീല ചുവയോടെ പ്രചരിപ്പിക്കുകയുമായിരുന്നു.