ബ്ലൂ വെയ്ല് ചലഞ്ച് തന്നെ ബാധിച്ചതെങ്ങനെയെന്ന് വ്യക്തമാക്കി നടി ഐശ്വര്യ രാജേഷ് രംഗത്ത്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സഹോദരന്റെ സുഹൃത്ത് ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തെന്നാണ് നടി വെളിപ്പെടുത്തിയത്. അര്ജുന് രാംപാല്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന അവസരത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഈ ഗെയിം നിരോധിക്കണം. ഒരുപാട് കൂട്ടികളാണ് ഇതിന് പിറകെ പോയി ആത്മഹത്യ ചെയ്യുന്നത്. എന്റെ അനിയന്റെ സുഹൃത്തിന്റെ മരണം എന്നെ ഞെട്ടിച്ചിരിക്കുകയാണ്. അവന് 23 വയസ്സ് മാത്രമേ പ്രായമുള്ളൂ. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് ഞാന്‍ അറിഞ്ഞത്. സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുമെല്ലാം ഇന്നത്തെ കാലത്ത് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷെ പക്വതയോടെ ഉപയോഗിക്കണം’ ഐശ്വര്യ പറഞ്ഞു. ബ്ലൂ വെയ്ല് ഗെയിം കളിച്ചതിന്റെ ഫലമായാണ് തങ്ങളുടെ കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കി ഒന്നിലധികം അമ്മമാര്‍ കേരളത്തില്‍ രംഗത്തെത്തിയിരുന്നു. നിരവധി കുട്ടികള്‍ ബ്ലൂവെയ്ല്‍ കളിക്കുന്നതായി സംശയം ഉടലെടുത്തതിനെത്തുടര്‍ന്ന് പോലീസ് തീവ്ര അന്വേഷണവും നടത്തിവരികയാണ്.