തിരുവനന്തപുരം: കെഎസ്ആർടിസിയിലെ യൂണിയനുകളുടെ ഹിതപരിശോധനയിൽ ബിഎംഎസിന് ചരിത്ര നേട്ടം. മൂന്നരപ്പതിറ്റാണ്ടിന് ശേഷം ബിഎംഎസിന് അംഗീകാരം ലഭിച്ചു. ഹിതപരിശോധനയിൽ 18 ശതമാനം വോട്ട് നേടിയാണ് ബിഎംഎസ് തൊഴിലാളികൾക്കിടയിൽ അംഗീകാരം നേടിയത്.
അതേസമയം അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എഐടിയുസിക്ക് തിരിച്ചടി നേരിട്ടു. ഹിതപരിശോധനയിൽ സംഘടന നാലാം സ്ഥാനത്തായി. 15 ശതമാനം വോട്ട് നേടിയാൽ മാത്രമേ തൊഴിലാളി സംഘടനയ്ക്ക് അംഗീകാരം ലഭിക്കുമായിരുന്നുള്ളൂ.
35 ശതമാനം വോട്ട് നേടിയ സിഐടിയുവിനാണ് ഏറ്റവും അധികം വോട്ടുകൾ ലഭിച്ചത്. കഴിഞ്ഞ തവണ 49 ശതമാനം വോട്ടുകൾ നേടിയ സിഐടിയുവിനും വലിയ തോതിൽ പിന്തുണ കുറഞ്ഞിട്ടുണ്ട്.
ഐഎൻടിയുസിയുടെ കീഴിലുള്ള ടിഡിഎഫ് അംഗീകാരം നിലനിർത്തിയെങ്കിലും നാല് ശതമാനം വോട്ടുകളുടെ കുറവുണ്ടായി.