കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും പണിമുടക്കിലേക്കു തള്ളിവിടരുതെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്. കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘിന്റെ 26-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ഹതപ്പെട്ട 18 ശതമാനം ക്ഷാമബത്ത കുടിശികയായിട്ടുള്ള സംസ്ഥാനം കേരളം മാത്രമാണെന്നും രാജീവന് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക, ശമ്പള പരിഷ്കരണ കുടിശിക എന്നിവ എത്രയും പെട്ടന്ന് അനുവദിക്കണമെന്നും ശമ്പള പരിഷ്കരണത്തിലെ അപാകതകളും മെഡിസെപ്പ് പദ്ധതി നടത്തിപ്പിലെ അപാകതയും ഉടന്‍ പരിഹരിക്കണമെന്നും സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബി. മനു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.പി. പ്രദീപ് വാര്‍ഷിക റിപ്പോര്‍ട്ടും സംസ്ഥാന ട്രഷറര്‍ രതീഷ് ആര്. നായര്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു. യോഗത്തില്‍ ബിഎംഎസ് കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം.ആര്. അജിത്കുമാര്‍, കെജിഒ സംഘ് കോട്ടയം ജില്ലാ പ്രസിഡന്റ് പി.ടി. ഗോപകുമാര്‍, സെക്രട്ടറി കെ.വി. വിനോദ്, സംസ്ഥാന സമിതിയംഗം ആര്. സാജന്, വൈസ് പ്രസിഡന്റ് ടി.സി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10ന് മുന്‍ പിഎസ് സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം ആര്. സാനുവും യാത്രയയപ്പ് സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താനും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് ചേരുന്ന സമാപന സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് പി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. എസ്. വിനയകുമാര്‍, എം.ആര്. അജിത്കുമാര്‍, കെ. വിനോദ് എന്നിവര്‍ പ്രസംഗിക്കും.