ആഡംബര വാഹനമായ ബിഎംഡബ്ല്യുവിന് ഗ്യാസ് വാങ്ങുവാനായി നിരവധി കോഴികളെയും താറാവുകളെയും മോഷ്ടിച്ച വാഹനഉടമ അറസ്റ്റിൽ. ചൈനയിലെ സിചുവാൻ പ്രവശ്യയിൽ താമസിക്കുന്ന കോടീശ്വരനാണ് പിടിയിലായത്. രണ്ട് കോടിയിലധികം തുക മുടക്കി അദ്ദേഹം വാങ്ങിയതാണ് ഈ വാഹനം.
കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തുള്ള വീടുകളിൽ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇതിനു പിന്നിലെ കറുത്ത കരങ്ങളുടെ ഉടമ ആഡംബര ജീവിതം നയിക്കുന്ന വ്യക്തിയാണെന്ന് ജനങ്ങൾക്ക് അറിയില്ലായിരുന്നു.
കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികൾ പോലീസ്റ്റേഷനിൽ എത്താൻ തുടങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികൾ പരിശോധിച്ച പോലീസുദ്യോഗസ്ഥർ പരാതി ലഭിച്ച ഗ്രാമങ്ങളിൽ കൂടി ഒരാൾ ബൈക്കിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് പോലീസിന് വ്യക്തമായി. ഈ ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്ന പോലീസ് ഈ ബൈക്കിനെ പിന്തുടരാൻ ആരംഭിച്ചു. ഈ ബൈക്ക് ഒരു സമ്പന്നന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും അവർ കണ്ടെത്തി. എന്നാൽ വീട്ടുടമസ്ഥനെയും മോഷ്ടാവിനെയും തമ്മിൽ ബന്ധിപ്പിക്കുവാനുള്ള തെളിവ് പോലീസിന് ലഭിച്ചില്ല.
തുടർന്ന് ഈ വീടും പോലീസ് നിരീക്ഷിക്കുവാൻ ആരംഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ വീട്ടിൽ സ്ഥിരമായി കോഴി കച്ചവടക്കാർ എത്തുന്നുണ്ടെന്ന് പോലീസ് അറിഞ്ഞു. എന്നാൽ അവർക്ക് ഈ മോഷണവുമായി ബന്ധമില്ലെന്ന് പോലീസുദ്യോഗസ്ഥർക്ക് മനസിലായി.
ഈ വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് പൂർണമായും ബോധ്യപ്പെട്ട പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുവാൻ തീരുമാനിച്ചു. പോലീസ് വീട്ടിൽ എത്തിയപ്പോൾ സംഭവത്തിൽ അസ്വഭാവികത തോന്നിയ ഇയാൾ പോലീസിനെ വെട്ടിച്ച് തന്റെ ആഡംബര കാറിൽ രക്ഷപെടുവാൻ ശ്രമിച്ചു.
ഇദ്ദേഹത്തിന്റെ പിന്നാലെ പോലീസ് പാഞ്ഞുവെങ്കിലും പിടികൂടാൻ അവർക്ക് സാധിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ വീട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വീടിനുള്ളിൽ പരിശോധിച്ച പോലീസ് അവിടെ മോഷ്ടാവ് സൂക്ഷിച്ചിട്ടിരുന്ന നിരവധി കോഴികളെയും താറാവുകളെയും കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതൊന്നും അറിയാതെ വീട്ടിൽ എത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ, തന്റെ ആഡംബര വാഹനത്തിനുള്ള ഗ്യാസ് വാങ്ങുവാനാണ് താൻ കോഴികളെ മോഷ്ടിച്ചതെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചു. കൃഷി വളരെ മോശമാണെന്നും ആവശ്യത്തിനുള്ള പണം കൈവശമില്ലെന്നും മോഷ്ടിക്കുന്ന കോഴികളെ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് താൻ കാറിനുള്ള ഗ്യാസ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഷണ കുറ്റം ചുമത്തപ്പെട്ട ഇദ്ദേഹം ഇപ്പോൾ ജയിലിലാണ്.
സംഭവം പുറത്തായതോടെ ഈ വാർത്തകയ്ക്ക് പ്രതികരണവുമായ് നിരവധിയാളുകളാണ് രംഗത്തെത്തിയത്.