മുംബൈ: വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയ ആഡംബര കാറിനു പിന്നാലെ പോലീസ് പാഞ്ഞത് കിലോമീറ്ററുകളോളം. മുംബൈയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അമിതമായി മദ്യപിച്ച് ബിഎംഡബ്യു കാറിലെത്തിയയാളാണ് വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയത്.
സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കാറിനെ പിന്തുടരുന്നതിന് പോലീസ് വാഹനം അയക്കുകയായിരുന്നു. എന്നാൽ ഡ്രൈവർ കാർ നിർത്താൻ തയാറായില്ല.
പോലീസിനൊപ്പം പ്രദേശത്തെ മോട്ടോർ സൈക്കിൾ യാത്രികരും പാഞ്ഞു. പിന്നീട് സംഭവസ്ഥലത്തുനിന്നും നാലു കിലോമീറ്റർ അകലെയായാണ് ഡ്രൈവറെ പിടികൂടാൻ സാധിച്ചതെന്ന് പോലീസ് അറിയിച്ചു.
പ്രദേശവാസികൾ കാർ തല്ലിത്തകർക്കുകയും ചെയ്തു. മെഹമൂദ് അലം എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.