നിത്യ യൗവനം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ..? വാർധക്യം ബാധിക്കാത്ത ജീവിതം സമ്മാനമായി ലഭിച്ച ഭാഗ്യവാൻമാരെ കുറിച്ചുള്ള മുത്തശ്ശി കഥകൾ അത്ഭുതത്തോടെ കേട്ടിരുന്നിട്ടില്ലേ.
എന്നാൽ, അമേരിക്കയിലെ ഒരു സോഫ്റ്റ്വെയർ സംരംഭകൻ നിത്യ യൗവനമെന്ന സ്വപ്നത്തിന് പിറകേയാണ്. അതും വർഷങ്ങളായി. അതിൽ താൻ ഭാഗികമായി വിജയിച്ചുവരികയാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
കാലിഫോർണിയ ആസ്ഥാനമായുള്ള കേർണൽകോ എന്ന ബയോടെക് കമ്പനിയുടെ സി.ഇ.ഒ ബ്രയാൻ ജോൺസണാണ് 18 വയസുകാരന്റെ ശരീരം ലഭിക്കാൻ ഓരോ വർഷവും 2 മില്യൺ ഡോളർ (16 കോടി രൂപ) ചെലവഴിക്കുന്നത്.
നിത്യയൗവനത്തിലേക്ക് എത്താനായുള്ള തന്റെ ശ്രമത്തിനെ പ്രൊജക്ട് ബ്ലൂപ്രിന്റ് (Project Blueprint) എന്നാണ് അദ്ദേഹം വിളിക്കുന്നത്.
‘പ്രോജക്റ്റ് ബ്ലൂപ്രിന്റ്’ വഴി ഇതുവരെ തന്റെ എപ്പിജെനെറ്റിക് പ്രായം 5.1 വർഷം കുറച്ചതായും ബ്രയാൻ അവകാശപ്പെടുന്നുണ്ട്.
തന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 45 കാരനായ ജോൺസൺ 30 ഡോക്ടർമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു ടീമിനെ തന്നെ കൂടെ കൂട്ടിയിട്ടുണ്ട്.
അവരാണ് ജോൺസന്റെ ഓരോ അവയവങ്ങളുടെയും പ്രായമാകൽ പ്രക്രിയ പിടിച്ചുനിർത്താൻ സഹായിക്കുന്നതെന്നും ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പ്രോജക്റ്റ് ബ്ലൂപ്രിന്റിന്റെ ഭാഗമായി, ജോൺസൺ കർശനമായ ദിനചര്യയാണ് പിന്തുടരുന്നത്. സസ്യാഹാരം മാത്രമാണ് ഭക്ഷണം.
പ്രതിദിനം 1,977 കലോറി ഉപഭോഗം ചെയ്യുന്ന അദ്ദേഹം ഒരു മണിക്കൂർ വ്യായാമം ചെയ്ത്, എല്ലാ രാത്രിയിലും ഒരേ സമയം ഉറങ്ങുകയും ചെയ്യും.
രാവിലെ 5 മണിക്കാണ് അദ്ദേഹത്തിന്റെ പ്രഭാതം ആരംഭിക്കുന്നത്. ക്രിയാറ്റിനും കോളജൻ പെപ്റ്റൈഡുകളും അടങ്ങിയ ഒരു ഗ്രീൻ ജ്യൂസാണ് പ്രഭാത ഭക്ഷണം.
പിന്നാലെ, ശതകോടീശ്വരന്റെ ശരീര നിരീക്ഷണ മഹാമഹം തുടങ്ങുകയും ചെയ്യും.