കുമരകം: ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടും വള്ളവും കൂട്ടിയിടിച്ചു വെള്ളത്തില്‍വീണു മരിച്ച അനശ്വരയ്ക്ക് നീന്തല്‍ അറിയാമായിരുന്നിട്ടും ജീവന് നഷ്ടടപ്പെടാന്‍ ഇടയാക്കിയത് അയ്മനം നിവാസികളെ കണ്ണീരിലാഴ്ത്തി. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പ്രതീക്ഷയായ രണ്ട് പെണ് മക്കളില്‍ മൂത്തകുട്ടിയാണ് ഇന്നലെ എന്നേക്കുമായി വേര്‍പിരഞ്ഞത്.
അനശ്വര മുങ്ങിമരിക്കാന്‍ ഇടയാക്കിയത് സഞ്ചാരയോഗ്യമായ വഴികളുടെ അഭാവമാണ്. നല്ല വഴികളും പാലങ്ങളും ഇല്ലാത്ത ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അയ്മനം പഞ്ചായത്ത് പ്രഥമ സ്ഥാനത്താണ്.
കുട്ടനാടന്‍ ഗ്രാമമായ അയ്മനത്തെ ജനങ്ങള്‍ സമീപത്തെ പ്രധാന റോഡുകളില്‍ എത്താന്‍ ഇപ്പോഴും ആശ്രയിക്കുന്നത് ജലമാര്‍ഗമാണ്. അനശ്വര വെച്ചൂര്‍ സെന്റ് മൈക്കിള്‍ സ്കൂളിലെത്തുന്നത് വള്ളത്തില്‍ ചീപ്പുങ്കലിലെത്തി അവിടെനിന്നു ബസിലാണ്.
നിത്യേന വള്ളത്തില്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും അപകടം ഉണ്ടായാല്‍ ഒരു സുരക്ഷ ക്രമീകരണവുമില്ല. ബോട്ടുകളിലെന്ന പോല ലൈഫ് ജാക്കറ്റ് വള്ളങ്ങളില്‍ ആരും കരുതാറില്ല.
പതിവായി അനുജത്തി ദയക്കൊപ്പമാണ് ദിവസവും വള്ളത്തില്‍ ചീപ്പുങ്കലിലേക്കുള്ള യാത്ര. ഇന്നലെ അപകടമുണ്ടാകുമ്പോള്‍ വള്ളത്തില്‍ വല്യച്ചനും മാതാവും ഇളയ സഹോദരി ദിയയും ഉണ്ടായിരുന്നെങ്കിലും അനശ്വര ഒഴികെ എല്ലാവരും രക്ഷപ്പെട്ടു.
പണ്ടൊക്കെ വള്ളം നിയന്ത്രിച്ചിരുന്നത് തുഴയും കഴുക്കോലും ഒക്കെ ഉപയോഗിച്ചായിരുന്നു. എന്നാലിപ്പോള്‍ എമഹാ എന്‍ജിനാണ് വള്ളത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. ഇതോടെ വള്ളത്തിലുള്ള യാത്രയും വേഗത്തിലായി. പാടശേഖരങ്ങളുടെ പുറം ബണ്ടുകളില്‍ താമസിക്കുന്ന സാധാരണക്കാരാണ് യാത്രയ്ക്കു വള്ളം ആശ്രയിക്കുന്നത്.
നല്ല വഴികളും പാലങ്ങളും ഇല്ലാത്തതാണ് യാത്രക്കായി ജലമാര്‍ഗം സ്വീകരിക്കാനിടയാക്കുന്നത്. ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നല്ല ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും. അതോടൊപ്പം പ്രദേശവാസികളുടെ ദുരിതയാത്രക്കും പരിഹാരം ഉണ്ടായെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വൻ ദുരന്തം ഒഴിവാക്കിയത് ബോട്ട് ജീവനക്കാരുടെ ഇടപെടൽ
അയ്മനം: കോലടിച്ചിറ ബോട്ട് ജെട്ടിക്കു സമീപം ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ എസ്-49 ബോട്ടിലെ ജീവനക്കാരും.
ഇടിയുടെ ആഘാതത്തിൽ അനശ്വര വള്ളത്തിൽനിന്നു വീണതോടെ യമഹാ എൻജിൻ ഘടിപ്പിച്ചിരുന്ന വള്ളം നിയന്ത്രിച്ചിരുന്ന വല്യച്ഛൻ മോഹനൻ കുട്ടിയെ രക്ഷിക്കാൻ തോട്ടിലേക്ക് ചാടി. നിയന്ത്രണം തെറ്റി മുന്നോട്ടുപോയ വള്ളത്തിൽ ലാസ്കർ പ്രമോദ് ചാടിക്കയറി വള്ളം നിയന്ത്രിച്ച് അമ്മ രേഷ്മയെയും സഹോദരി ദിയയെയും കരയ്ക്കെത്തിക്കുകയായിരുന്നു.
തുടർന്ന് ബോട്ടിലെ സ്രാങ്ക് മനോജ്, ലാസ്കർമാരായ അസ്ലം, പ്രമോദ് എന്നിവർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ബോട്ട് മാസ്റ്റർ എൻ.കെ. ബാഹുലേയൻ വെള്ളത്തിൽ ചാടിയ വല്യച്ഛൻ മോഹനനെ ജാക്കറ്റ് എറിഞ്ഞു കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
ആഴമേറിയ പെണ്ണാർ തോട്ടിൽ നല്ല അടിയൊഴുക്ക് ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ബോട്ടു ജീവനക്കാരുടെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് മുഹമ്മ ബോട്ട് മാസ്റ്റർ പറഞ്ഞു.
തേങ്ങലടക്കാനാവാതെ സഹപാഠികൾ
വെച്ചൂർ: ചീപ്പുങ്കൽ കരീമഠത്ത് ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുങ്ങിമരിച്ച കുടവെച്ചൂർ സെന്റ് മൈക്കിൾസിലെ ഏഴാം ക്ലാസ് വിദ്യാർഥി അനശ്വരയുടെ ചേതനയറ്റ ശരീരം സ്കൂൾ അങ്കണത്തിൽ പൊതു ദർശനത്തിന് വച്ചപ്പപ്പോഴും സഹപാഠികൾക്ക് അനശ്വര ഇനിയില്ലെന്ന് വിശ്വസിക്കാനായില്ല. പ്രിയപ്പെട്ട കൂട്ടുകാരിയുടെ വേർപാടിൽ അലമുറയിട്ടു കരഞ്ഞ വിദ്യാർഥികളെ അധ്യാപകർക്കും ആശ്വസിപ്പിക്കാനായില്ല. എല്ലാവരോടും ഹൃദ്യമായി പെരുമാറുന്ന പഠിക്കാൻ മിടുക്കിയായിരുന്ന അനശ്വര അധ്യാപകർക്കും ഏറെ പ്രിയങ്കരിയായിരുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
കോട്ടയം: അയ്മനം കരീമഠം ഭാഗത്ത് പെണ്ണാര്‍ തോട്ടില്‍ സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 13 വയസുള്ള വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിട്ടു.
ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ആര്‍ഡിഒയെ ചുമതലപ്പെടുത്തി.