റോം: ഇറ്റലിയിലെ ലാംപഡൂസ ദ്വീപിനു സമീപം അഭയാർഥിബോട്ട് മുങ്ങി 41 പേർ മരിച്ചു. അപകടത്തിൽനിന്നു രക്ഷപ്പെട്ട നാലു പേരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡ് ലാംപഡൂസയിൽ എത്തിച്ചിട്ടുണ്ട്.
ടൂണീഷ്യയിലെ സ്ഫാക്സ് തുറമുഖത്തുനിന്നു കഴിഞ്ഞ വ്യാഴാഴ്ച പുറപ്പെട്ട ബോട്ടാണിത്. ഏഴു മീറ്റർ നീളമുള്ള ബോട്ടിൽ മൂന്നു കുട്ടികളടക്കം 45 പേരാണുണ്ടായിരുന്നത്.
യാത്രപുറപ്പെട്ട് മണിക്കൂറുകൾക്കം വലിയ തിരമാലയിൽപ്പെട്ട് ബോട്ട് മറിഞ്ഞുവെന്നാണു രക്ഷപ്പെട്ടവർ പറഞ്ഞത്.
രക്ഷപ്പെട്ട മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഐവറികോസ്റ്റ്, ഗിനിയ രാജ്യക്കാരാണ്. ഒരു ചരക്കുകപ്പൽ ഇവരെ രക്ഷപ്പെടുത്തി ഇറ്റാലിയൻ കോസ്റ്റ് ഗാർഡിനു കൈമാറുകയായിരുന്നു.
ലാംപഡൂസയിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള സ്ഫാക്സ് തുറമുഖം കുടിയേറ്റക്കാരുടെ യൂറോപ്പിലേക്കുള്ള കവാടമാണ്.
ടൂണീഷ്യയിൽ അടുത്തകാലത്ത് കറുത്തവംശജർ നേരിടുന്ന വിവേചനവും കുടിയേറ്റക്കാരുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്.
വടക്കനാഫ്രിക്കയിൽനിന്നു യൂറോപ്പിലേക്കുള്ള സമുദ്രയാത്രയ്ക്കിടെ 1800 കുടിയേറ്റക്കാരാണ് ഈ വർഷം മുങ്ങിമരിച്ചത്.