വൈപ്പിൻ: കൊച്ചി അഴിമുഖത്ത് മുങ്ങിക്കിടന്നിരുന്ന പഴയ ബോട്ടിൽ ഇടിച്ച് മത്സ്യബന്ധന ബോട്ടുകൾ തകർന്നു. മത്സ്യബന്ധനം കഴിഞ്ഞ് എത്തിയ ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. തൊട്ടുപിന്നാലെ എത്തിയ ബോട്ടും ഈ വള്ളത്തിൽ ഇടിച്ചു തകർന്നു.
കഴിഞ്ഞ രാത്രി ഒമ്പതു ഒന്പതോടെയാണ് സംഭവം. കൊല്ലം സ്വദേശിയുടെ ആഷിഖ് മോൻ എന്ന ബോട്ടാണ് ആദ്യം അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് ഒമ്പത് തൊഴിലാളികളുമായി കൊച്ചി ഹാർബറിലേക്ക് എത്തിയതായിരുന്നു. എൽഎൻജിക്ക് പടിഞ്ഞാറ് 200 മീറ്റർ അകലെവച്ചാണ് അപകടത്തിൽപെട്ടത്.
വെള്ളപ്പറ്റായതിനാലും ബോട്ടിൽ മീൻ ഉണ്ടായിരുന്നതിനാലുമാണ് മുങ്ങിക്കിടന്നിരുന്ന ബോട്ടിൽ ഇടിക്കാൻ ഇടയായതെന്ന് തൊഴിലാളികൾ പറയുന്നു.
ഇടിയുടെ ആഘാതത്തിൽ ബോട്ട് മുക്കാൽ ഭാഗവും മുങ്ങി. ബോട്ടിൽ പിടിച്ചു നീന്തിക്കിടന്ന ജീവനക്കാരെ കോസ്റ്റൽ പോലീസും മറൈൻ പോലീസും ചേർന്ന് രക്ഷപെടുത്തി.
ഇതിനു തൊട്ടുപിന്നാലെയാണ് 48 തൊഴിലാളികളുമായി കാളമുക്ക് ഹാർബറിലേക്ക് എത്തിയ സെന്റ് ആന്റണീസ് എന്ന ബോട്ട് മുങ്ങിക്കിടന്ന ബോട്ടിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഈ ബോട്ടും തകർന്നു. രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. തൊഴിലാളികൾ എല്ലാം തന്നെ നീന്തി രക്ഷപ്പെടുകയും ചെയ്തു.
നാളുകളായി ഇവിടെ മുങ്ങിക്കിടക്കുന്ന ബോട്ട് നീക്കം ചെയ്യണമെന്ന് കോസ്റ്റൽ പോലീസ് പലകുറി ആവശ്യപ്പെട്ടിട്ടും ഇതുവരെ പോർട്ട് ട്രസ്റ്റ് ഗൗനിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്.