കൊച്ചി: കേരളതീരത്തു മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒരു മലയാളിയടക്കം ഒന്‍പതു പേർക്കായുള്ള തെരച്ചിൽ ശക്തം. നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ കപ്പലുകളും മൂന്നു ഹെലികോപ്ടറുകളുമാണു തെരച്ചിൽ നടത്തിവരുന്നത്. ഇന്ത്യൻ നാവിക സേനയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നടത്തുന്ന തെരച്ചിലുകൾക്കു പുറമേ പ്രത്യേക പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരുടെ സേവനവും ഉപയോഗപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
എന്നാൽ, അപകടം നടന്ന സ്ഥലത്ത് 70 മീറ്ററിലധികം ആഴമുള്ളതിനാൽ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ കഴിയുമോയെന്നതിൽ നേവി അധികൃതർ ആശങ്കയും അറിയിക്കുന്നു.കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരാനാണു തീരുമാനം. നാവിക-തീരരക്ഷാ സേനകളും മത്സ്യത്തൊഴിലാളികളും സംയുക്തമായി ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.
തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 3.30ന് മുനന്പം തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. മുനന്പം തീരത്തുനിന്നു 14 പേരുമായി മത്സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. രണ്ടു പേരെ രക്ഷപ്പെടുത്തി.
മാല്യങ്കര സ്വദേശി തറയിൽ പ്രകാശന്റെ മകൻ ചീരു എന്നു വിളിക്കുന്ന സിജു (45), പശ്ചിമ ബംഗാൾ സ്വദേശി ബീബുൽ ദാസ് (28), തമിഴ്നാട് കുളച്ചിൽ സ്വദേശികളായ യേശുപാലൻ (36), രാജേഷ് കുമാർ (32), ദിനേശ് (23), ഷാലു (24), സഹായ രാജ് (38), പോൾസണ്‍ (25), അരുണ്‍ കുമാർ (24) എന്നിവർക്കായാണു തെരച്ചിൽ നടക്കുന്നത്.
അതേസമയം, മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതെന്നു സംശയിക്കുന്ന ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ എം.വി. ദേശ് ശക്തി എന്ന കപ്പലിൽ വിദഗ്ധസംഘം ഇന്നു പരിശോധന നടത്തും. മംഗലാപുരം ഭാഗത്തു പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ ഡിജി ഷിപ്പിംഗിന്റെയും കോസ്റ്റ് ഗാർഡിൻറെയും വിദഗ്ധ സംഘമാണു പരിശോധന നടത്തുക.
ഷിപ്പിംഗ് ഡയറക്ടർ ജനറൽ നിർദേശം നൽകിയതിനെത്തുടർന്നാണു കപ്പൽ മംഗലാപുരം ഭാഗത്തു പുറംകടലിൽ നങ്കൂരമിട്ടത്. ചൊവ്വാഴ്ച്ച പുലർച്ചെ അപകടം നടന്ന സമയത്ത് കപ്പലിന്റെ സ്ഥാനം എവിടെയായിരുന്നു, അപകടത്തിന്റെ എന്തെങ്കിലും തെളിവുകൾ കപ്പലിലുണ്ടോ, വയർലെസ് റെക്കോർഡുകൾ തുടങ്ങിയവയാണു പ്രാഥമികമായി പരിശോധിക്കുക.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും എം.വി. ദേശ് ശക്തി എന്ന കപ്പലാണ് അപകടം ഉണ്ടാക്കിയതെന്ന് സ്ഥിരീകരിക്കുക. ക്യാപ്റ്റൻ ഉൾപ്പടെയുള്ളവരിൽനിന്നും വിവരങ്ങൾ ശേഖരിക്കും. അധികൃതർ അപകടമറിഞ്ഞശേഷം കപ്പലിലെ ക്യാപ്റ്റനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അപകടമുണ്ടാക്കിയത് തങ്ങളല്ലെന്ന നിലപാടാണു സ്വീകരിച്ചത്.
അപകടം നടക്കുന്പോൾ കപ്പൽചാലിൽ ഉണ്ടായിരുന്ന മറ്റ് മൂന്നു കപ്പൽകൂടി നിരീക്ഷണത്തിലാണ്. മുംബൈ തീരത്തേക്ക് അടുക്കാൻ ഈ കപ്പലുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.