മങ്കൊമ്പ് : സർവീസിനിടെ ജലഗതാഗത വകുപ്പു ബോട്ടുമാസ്റ്റർക്കു മർദ്ദനമേറ്റ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
കൈനകരി കുട്ടമംഗലം പുത്തൻകളം വീട്ടിൽ ടി. സന്തോഷ് (48), ചേർത്തല കഞ്ഞിക്കുഴി തോട്ടുചിറയിൽ വി.സജയൻ (41), കൈനകരി കുട്ടമംഗലം പുത്തൻകളം വീ്ട്ടിൽ പി.പി അനീഷ് (34), കൈനകരി കുട്ടമംഗലം പുത്തൻകളം വീട്ടിൽ ലീലാനന്ദൻ (52) എന്നിവരെയാണ് റിമാൻഡു ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം നാലേകാലോടെ കാവാലം പാലോടം ജട്ടിയിൽ വച്ചാണ് ബോട്ടുമാസ്റ്റർ സുരേഷിനു മർദ്ദനമേറ്റത്. ബോട്ടുയാത്രയിൽ പ്രതികളിലൊരാൾ മാസ്കു ധരിക്കാതെ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പ്രതികളും യാത്രക്കാരും തമ്മിലുള്ള കയ്യാങ്കളിയിലേക്കു നീങ്ങിയിരുന്നു.
ഇതിനിടയിൽ തടസം പിടിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ പുളിങ്കുന്ന്ു താലൂക്കാശുപത്രിയിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ജലഗതാഗത വകുപ്പു ബോട്ടിനു കേടുപാടുകൾ സംഭവിക്കുകയും സർവീസ് മുടങ്ങുകയും ചെയ്തിരുന്നു.